അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുളള ചര്‍ച്ചയില്‍ 3 ജില്ലകളില്‍ ധാരണയായി. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തി അടുത്ത ആഴ്ച തന്നെ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
എം.പി മാരുടെ പരാതിക്ക് പിന്നാലെ ഹൈക്കമാന്റ് എതിര്‍ത്തതോടെയായിരുന്നു പുനസംഘടനാ ചര്‍ച്ചകള്‍ അവസാന നിമിഷം അനിശ്ചിതത്വത്തിലായത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. എന്നാല്‍ മഞ്ഞുരുകിലിന്റെ സൂചന നല്‍കി കെ. സുധാകരനും വി.ഡി. സതീശനും ഇന്നലെ നാല് മണിക്കൂറിലേറെ ചര്‍ച്ച നടത്തി.
താരതമ്യേന വലിയ ജില്ലകളില്‍ ഡിസിസി ഭാരവാഹികളായി 25 പേരെയും നിര്‍വാഹക സമിതിയിലേക്ക് 26 പേരെയും പരിഗണിക്കും. ചെറിയ ജില്ലകളില്‍ ഡിസിസി ഭാരവാഹികളായി 15 പേരെയും നിര്‍വാഹക സമിതിയിലേക്ക് 16 പേരെയുമാകും പരിഗണിക്കുക.
ഹൈക്കമാന്റ് നിര്‍ദേശത്തെത്തുടര്‍ന്ന് അവസാന ഘട്ടത്തിലെത്തിയ കരട് പട്ടികയില്‍ ചില്ലറ വിട്ടുവീഴ്ചകള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തയ്യാറായിട്ടുണ്ട്. പട്ടികയില്‍ പരാതി പറഞ്ഞവരോടുള്‍പ്പെടെ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കുക. കഴിഞ്ഞ ദിവസം വി.ഡി.സതീശനും കെ. സുധാകരനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഞ്ചോളം ജില്ലകളുടെ കാര്യത്തില്‍ ധാരണയായെന്നാണ് സൂചന. മറ്റു ജില്ലകളുടെ കാര്യത്തിലും ഏകദേശ ചിത്രം വ്യക്തമായിട്ടുണ്ട്.
തിങ്കളാഴ്ച വീണ്ടും സുധാകരനും സതീശനും ചര്‍ച്ചകള്‍ തുടരും. സംസ്ഥാന തലത്തില്‍ ഐക്യത്തിന് ധാരണയായതോടെ ഹൈകമാന്റും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം തയ്യാറായതോടെ അതൃപ്തരും പ്രതീക്ഷയിലാണ്.