യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും. എന്തിനും തയ്യാറെന്നും പുടിന്‍ പറഞ്ഞു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കി. യുക്രൈന്‍ അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു.
റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നിട്ടുണ്ട്. വ്യോമാക്രമണം ആരംഭിച്ചു കഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുടിന്‍ റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആക്രമണം ആരംഭിച്ചത്.
യുക്രൈനില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്.
ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ക്രമാറ്റോര്‍സ്‌കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാര്‍കിവ്, ഒഡെസ, കിഴക്കന്‍ ഡൊനെറ്റ്‌സ്‌ക് ഒബ്ലാസ്റ്റ് പ്രദേശം എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി സോഷ്യല്‍ മീഡിയയില്‍ അപ്ഡറ്റുകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. മേഖലയില്‍ യുക്രൈന്റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്.
ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. ആയുധം താഴെവെക്കണമെന്നും പുടിന്‍ യുക്രൈനോട് ആവശ്യപ്പെട്ടു. അതേസമയം, യുദ്ധനീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതല്‍ അപകടകരമായി മാറിയതിനാല്‍ യു.എന്‍ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം ചേരുകയാണ്.
കിഴക്കന്‍ യുക്രൈന്‍ മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദ്മിര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ചര്‍ച്ചയ്ക്കുളള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










Manna Matrimony.Com
Thalikettu.Com







