സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പരാതിക്കാരുടെ ഭൂമിയിലെ സര്‍വ്വേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഇടക്കാല ഉത്തരവാണ് ഡിവിഷന് ബെഞ്ച് തടഞ്ഞത്. ഇതോടെ സര്‍വേ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല.
സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്തുന്നതില്‍ തെറ്റെന്താണെന്ന് ഡിവിഷന് ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. നിലവിലെ അലൈന്മെന്റിനു കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിര്‍ത്തി വെക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഡിപിആറില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ഡിപിആര്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്നു കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ കടബാധ്യത റെയില്‍വേയുടെ മുകളില്‍ വരാന്‍ സാധ്യത. ആവശ്യത്തിന് യാത്രക്കാരിലെങ്കില്‍ വായ്പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകള്‍ സംബന്ധിച്ച മതിയായ വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പഠനം നടത്തില്ലെന്നും റെയില്‍വേ അറിയിച്ചിരുന്നു.
വിശദമായ സാങ്കേതിക വിവരങ്ങള്‍ നല്കാന് കെ ആര് ഡി സി എലിന് നിര്‍ദേശം നല്‍കിയെന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാമ്പത്തിക ലാഭം സംശയാസ്പദമാണെന്നും, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം പറഞ്ഞിരുന്നു. നിക്ഷേപ പൂര്‍വ പരിപാടികള്‍ക്കാണ് അനുമതി നല്‍കിയത്.










Manna Matrimony.Com
Thalikettu.Com







