വധശ്രമ, ഗൂഡാലോചന കേസിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് ബി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുക.
ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദ വാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.
ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് ടെസ്റ്റിന് കൈമാറിയിരിക്കുകയാണെന്നും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറാന്‍ ഉത്തരവിടുന്നതിന് അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളോടെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഡാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഗൂഡാലോചന കേസില്‍ കോടതി വിധി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തളളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം അന്വേഷണ സംഘം എടുത്തിട്ടുണ്ട്.
കേസില്‍ സിനിമ മേഖലയില്‍ ഉള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ചിലരുടെ സാമ്പത്തിക വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുവെന്നാണ് വിവരം.










Manna Matrimony.Com
Thalikettu.Com







