കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മര്‍ദ്ദനമേറ്റത്. പൊലീസില്‍ പരാതി നല്‍കിയതായി സക്കീന അറിയിച്ചു.
ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ സക്കീന മകനും ഭാര്യയ്ക്കും മകന്റെ കുഞ്ഞിനുമൊപ്പം മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു. അകത്തുള്ള മരുമകള്‍ക്ക് ചികിത്സാ രേഖകള്‍ കൈമാറാന്‍ വേണ്ടി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്‍ സക്കീനയെ തള്ളി മാറ്റിയത്. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് സക്കീന പറഞ്ഞു.
സക്കീനയുടെ വാക്കുകള്‍: ‘കുഞ്ഞിനെ കാണിക്കാനാണ് ആശുപത്രിയിലെത്തിയത്. എന്റെ കൈയിലായിരുന്നു ചീട്ട്. മരുമകള്‍ ആശുപത്രിക്ക് അകത്തായിരുന്നു. പുറത്തേക്ക് വരാന്‍ വഴിയറിയാതെ ഫയലുകള്‍ക്ക് വേണ്ടി അകത്തേക്ക് വിളിച്ചു. ഈ രേഖകള്‍ നല്‍കാനായി പോയതാണ് ഞാന്‍. എന്നാല്‍ സെക്യൂരിറ്റി എന്നെ പിടിച്ച് തള്ളി. ഉടന്‍ ഞാന്‍ വിഡിയോ എടുത്തു. തുടര്‍ന്ന് എന്റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങി മുഖത്ത് മര്‍ദിച്ചു. വലത് വശത്ത് ഇപ്പോള്‍ ഭയങ്കര വേദനയാണ്. സുരക്ഷാ ജീവനക്കാരനെ ഇനി കണ്ടാലും തിരിച്ചറിയും. ചോദിക്കാന്‍ പോയ മകനും മര്‍ദനമേറ്റു’.
സക്കീനയെ പിടിച്ച് തള്ളിയപ്പോള്‍ ദേഹത്ത് തൊടേണ്ട കാര്യമില്ലെന്നും, മാന്യമായി സംസാരിച്ചാല്‍ മതിയെന്നും സക്കീന പറഞ്ഞതായി മകന്‍ പറഞ്ഞു. എന്നാല്‍ ദേഹത്ത് തൊട്ടാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ച് സക്കീനയുടെ മുഖത്ത് കൈമടക്കി അടിക്കുകയായിരുന്നുവെന്ന് മകന്‍ വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







