തിരുവനന്തപുരം : തൊഴിലാളികൾ മദ്യപിക്കുന്നതും വഴക്കിടുന്നതും മൊബൈലിൽ പകർത്തി നിർമാണ കരാറുകാരന് അയച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തുക്കളുടെ അടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരുക്ക്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. എറണാകുളം ഉദ്യോഗമണ്ഡൽ ഏലൂർ ഈസ്റ്റ് പാതാളം കൊല്ലംപറമ്പിൽ കോടത്ത് പി.ചെല്ലമണി (40) ആണ് കൊല്ലപ്പെട്ടത്.
വയനാട് സ്വദേശി നിധീഷ്(28) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം പാതാളത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുരുകൻ(37), കൃഷ്ണൻ(38) എന്നിവരാണ് അറസ്റ്റിലായത്.
കിളിമാനൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിനായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പൈലിങ് ശക്തി പരിശോധനയ്ക്ക് എത്തിയ ആറംഗ സംഘത്തിലെ തൊഴിലാളിയാണ് ചെല്ലമണി. .ചെല്ലമണിയുടെ സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് ഏലൂർ ഈസ്റ്റ് പാതാളത്തെ ശ്മശാനത്തിൽ നടക്കും. ഭാര്യ: കാർത്തി. മക്കൾ: പ്രിയങ്ക, ഹരികൃഷ്ണൻ.
തലയ്ക്കു പരുക്കേറ്റ് അവശനിലയിൽ നിധീഷിനെ ഇന്നലെ രാവിലെ റോഡിൽ കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ചെല്ലമണിയെ കൊല്ലപ്പെട്ട നിലയിൽ ഓഫിസിനു മുന്നിലെ വരാന്തയിൽ കണ്ടെത്തിയത്.
കൈ കൊണ്ടുള്ള ശക്തമായി അടിയേറ്റതും ചുടു കല്ലു കൊണ്ട് തലയ്ക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്നു പൊലീസ് പറയുന്നു. ചെല്ലമണിയുടെ മൂക്കിനും തലയ്ക്കും ശക്തമായ ക്ഷതമേറ്റ പാടുകളുണ്ട്. പല്ലുകൾ ഇളകി പോയിരുന്നു. നിധിഷീനെ പൊലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് പാതാളത്തു നിന്ന് തൊഴിലാളിസംഘം കിളിമാനൂരിൽ എത്തിയത്. പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ഇതിനോടുള്ള കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. നിർമാണത്തിനു ശേഷം തൊഴിലാളികൾ രാത്രി ഉറങ്ങുന്നതും പഞ്ചായത്ത് ഓഫിസ് വളപ്പിലെ വരാന്തയിലാണ്. ജോലി സമയത്ത് മദ്യപിക്കാൻ പാടില്ലെന്ന കരാറുകാരന്റെ നിർദേശം ചെല്ലമണിയും നിധിഷും ഒഴികെയുള്ളവർ ലംഘിച്ചിരുന്നു. മദ്യപിക്കുന്ന രംഗം ചെല്ലമണിയുടെ മൊബൈൽ ഫോണിൽ നിധീഷ് പകർത്തി എറണാകുളത്തുള്ള കരാരുകാരൻ രാമമൂർത്തിയ്ക്ക് വാട്സാപ് വഴി അയച്ചു കൊടുത്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ചെല്ലമണി കരാറുകാരന്റെ ബന്ധുവാണ്. ഞായറാഴ്ച പണി ഇല്ലായിരുന്നു. അന്ന് രാവിലെ മുതൽ ആറു പേരും ചേർന്നു മദ്യപാനം തുടങ്ങി. രാത്രി 9.30 മണിയോടെ മദ്യപാനം തുടരുന്നതിനിടെ വാക്ക് തർക്കവും അടിപിടിയും ഉണ്ടായി. കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ കെ.ബി.മനോജ്കുമാർ അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.