ടെഹ്റാൻ:യുദ്ധ സൂചന നൽകി ലോക ചരിത്രത്തിൽ ആദ്യമായി ഇറാനിലെ ക്യോം ജാംകരൻ മോസ്‌കിലെ താഴികക്കുടത്തിൽ ചുവപ്പ് കൊടി ഉയർന്നു. പാരമ്പര്യപ്രകാരം യുദ്ധം ആരംഭിക്കുന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്. ഇറാൻ രഹസ്യസേന തലവൻ കാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിന് തൊട്ടുപിന്നാലെ തന്നെ ബാഗ്ദാദിലെ യുഎസ് എംബസിയെ ലക്ഷ്യം വെച്ച് സ്ഫോടനം ഉണ്ടായി. തങ്ങളുടെ കപ്പലുകളും മറ്റും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ബ്രിട്ടനും നടപടി തുടങ്ങി. യുദ്ധത്തിലേക്ക് പശ്ചിമേഷ്യ നീങ്ങുന്നതിന്റെ സൂചനയാണ് ഇത്.
സുലൈമാനിയുടെ കൊലപാതകത്തിന് ഇറാൻ പ്രതികാരം ചെയ്യുമെന്ന് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും അറിയാം. ഇറാനിൽ ഇന്നലെ അമേരിക്കൻ എംബിസിക്ക് നേരെയുണ്ടായ മിസൈൽ ക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ യുഎസ് കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ട്രംപും തിരിച്ചടിച്ചത്. 1979 ൽ ഇറാനിലെ യുഎസ് എംബസി വളഞ്ഞ് 52 ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് 52 ഇറാൻ സൈറ്റുകൾക്കു നേരെ തിരിച്ചടിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതെന്നാണ് സൂചന.
ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ കനത്ത നഷ്ടമുണ്ടായ ഇറാൻ വൻശക്തിയായ അമേരിക്കയോട് എങ്ങനെയാകും പ്രതികാരം ചെയ്യുകയെന്ന് വ്യക്തമായിട്ടില്ലെങ്കിലും അമേരിക്കയിലെ ബാങ്കുകൾ, എണ്ണക്കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ ഉടൻ ആക്രമണമുണ്ടാകാനാണ് സാധ്യത.
ഖാസിം സുലൈമാനിയുടെ ബഹുമാനാർത്ഥം സംഘടിപ്പിച്ച ചടങ്ങിലാണ് ഇറാനിൽ ചുവന്ന കൊടി ഉയർത്തിയത്. ഇറാനിയൻ പാരമ്പര്യമനുസരിച്ച് യുദ്ധ സൂചനയായാണ് ഈ പതാക ഉയർത്തുന്നത്. ഷിയാ വിശുദ്ധ നഗരമായ ഖുമ്മിലെ ജംകരൻ മസ്ജിദിൽ ഈ കൊടി ഉയർത്തുന്ന ദൃശ്യങ്ങൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു. ഷിയാ പാരമ്പര്യമനുസരിച്ച് അന്യായമായി ചൊരിയപ്പെട്ട രക്തത്തെ പ്രതീകവൽക്കരിക്കുന്ന ചുവന്ന കൊടികൾ പ്രതികാരം ചെയ്യാനുള്ള ആഹ്വാനമായാണ് കണക്കാക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇറാനിയൻ നഗരത്തിലെ ജംകരൻ പള്ളിയുടെ മുകളിൽ ചുവന്ന പതാക ഉയർത്തുന്നത്. യുഎസിനെതിരെ കടുത്ത പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പിന് ശേഷമാണ് കൊടി ഉയർത്തിയിട്ടുള്ളത്.
അമേരിക്കൻ പൗരന്മാരെ ‘ടെഹ്റാൻ’ ആക്രമിച്ചാൽ ഇറാന്റെ 52 തന്ത്രപ്രധാന മേഖലകൾക്കു നേരെ തിരിച്ചടിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ‘വളരെ വേഗത്തിലും വളരെ ശക്തമായും’ തിരിച്ചടിയുണ്ടാകുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.