ഫുട്ബോൾ മലബാറുകാർക്ക് ഖൽബാണ്. അതുകൊണ്ട് രണ്ടു കൈയ്യും നീട്ടിയാണ് ഫുട്ബോൾ ടർഫുകളെ മലബാറിലെ കാൽപന്ത് പ്രേമികൾ സ്വീകരിച്ചിരിക്കുന്നത്. പുതിയ പുതിയ ടർഫുകളാണ് ഓരോ മാസവും മലബാറിന്റെ പലഭാഗത്തായി ഉയരുന്നത്.
ഏറ്റവും അടുത്തുള്ള ടർഫ് ഏതാണ്? അവിടെ എപ്പോഴൊക്കെയാണ് ഒഴിവുള്ളത്? ഓരോ സമയത്തെയും അവിടുത്തെ ചാർജ് എത്രയാണ്? തുടങ്ങിയ കാര്യങ്ങൾ അറിയാൻ ഇനി അധികം ബുദ്ധിമുട്ടേണ്ട. നിങ്ങളെ സഹായിക്കാൻ പ്ലേസ്പോട്സ് എന്ന പേരിൽ ഒരു ആൻഡ്രോയ്ഡ് ആപ്പ് ഇറങ്ങിയിട്ടുണ്ട്.
കോഴിക്കോട് യു.എൽ.സി.സി. സൈബർ പാർക്കിലെ സ്റ്റാർട്ടപ്പ് കമ്പനിയായ സോഫ്റ്റ് ഫ്രൂട്ടസ് സൊലൂഷൻസാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 100 അധികം ടർഫുകളെ കുറിച്ചുള്ള വിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. പുതിയതായി തുടങ്ങുന്ന മൈതാനങ്ങളുടെ വിവരങ്ങളും ഇതിൽ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കും.
ഇവിടെയിരുന്ന് വേണമെങ്കിലും ആപ്പ് വഴി ഗ്രൗണ്ട് ബുക്ക് ചെയ്യാനും, പണമടക്കാനും സാധിക്കും. ഫോണിലെ ജിപിഎസ് ഉപയോഗിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടർഫ് ഏതാണെന്ന് പറഞ്ഞു തരാൻ ആപ്പിന് കഴിയും.
ടർഫിന്റെ ഫോൺ നമ്പർ, അവിടേക്ക് എത്ര ദൂരമുണ്ട്, അവിടുത്തെ സൗകര്യങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ടർഫ് സെർച്ച് ചെയ്യുമ്പോൾ ടർഫിലേക്കുള്ള ദൂരം, ടർഫിന്റെ റേറ്റിംഗ് എന്നിവക്ക് അനുസരിച്ച് ഫിൽറ്റർ ചെയ്യാൻ കഴിയും.