ഡൂഗി എസ് 89, എസ് 89 പ്രോ സ്മാർട് ഫോണുകൾ രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചു. ഹാൻഡ്‌സെറ്റുകൾ നിലവിൽ അലിഎക്സ്പ്രസ്, ഡൂഗിമാൾ വെബ്‌സൈറ്റ് വഴി വാങ്ങാം. ബ്ലാക്ക്, ഓറഞ്ച് കളർ ഓപ്ഷനുകളിലാണ് പുതിയ ഹാൻഡ്സെറ്റുകൾ വരുന്നത്. ഹാൻഡ്‌സെറ്റുകൾ ഓഗസ്റ്റ് 26 വരെ ഡിസ്‌കൗണ്ട് വിലയിലും വാങ്ങാം. രണ്ട് ഹാൻഡ്‌സെറ്റുകളിലും 12,000 എംഎഎച്ച് ആണ് ബാറ്ററി.
ഡൂഗിമാൾ വെബ്സൈറ്റ് ഡേറ്റ പ്രകാരം ഡൂഗി എസ് 8ന് 309.99 ഡോളർ (ഏകദേശം 24,800 രൂപ) ആണ് വില. ഡൂഗി എസ് 89 പ്രോയുടെ വില 359.99 ഡോളറും (ഏകദേശം 28,800 രൂപ) ആണ്. എന്നാൽ അലിഎക്സ്പ്രസിൽ ഡൂഗി എസ് 89 വാങ്ങുന്ന ആദ്യ 200 ഉപഭോക്താക്കൾക്ക് 189.99 ഡോളറിന് (ഏകദേശം 15,200 രൂപ) വിലക്കുറവിൽ ലഭ്യമാണ്. ഡൂഗി എസ് 89 പ്രോ വാങ്ങുന്ന ആദ്യ 200 ഉപഭോക്താക്കൾക്കും 219.99 ഡോളർ (ഏകദേശം 17,600 രൂപ) വിലക്കുറവിൽ അലിഎക്സ്പ്രസ് വഴി ലഭ്യമാണ്.
∙ ഡൂഗി എസ് 89 പ്രോ
ആൻഡ്രോയിഡ് 12 ലാണ് ഡൂഗീ എസ്89 പ്രോ പ്രവർത്തിക്കുന്നത്. ഫുൾ എച്ച്ഡി+ റെസലൂഷനോടുകൂടിയ 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്. 8 ജിബി LPDDR4X റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ചേർന്ന് ഒക്ടാ-കോർ മീഡിയടെക് ഹീലിയോ പി90 ആണ് ഇത് നൽകുന്നത്. എൻഎഫ്സി പിന്തുണ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷണുകൾ.
64 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 20 മെഗാപിക്‌സൽ സോണി IMX350 നൈറ്റ് വിഷൻ സെൻസർ, 130 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8 മെഗാപിക്‌സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവയുള്ള എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഡൂഗീ എസ്89 പ്രോയിലുള്ളത്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും ഫെയ്‌സ് അൺലോക്കും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതയാണ്. 65W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 15W വയർലെസ് ചാർജിങ് പിന്തുണയും ഉള്ള 12,000 എംഎഎച്ച് ബാറ്ററിയാണ് ഡൂഗീ എസ്89 പ്രോ പായ്ക്ക് ചെയ്യുന്നത്. സാധാരണ ഉപയോഗത്തോടൊപ്പം 4 മുതൽ 6 ദിവസത്തെ ബാറ്ററി ലൈഫും 36 ദിവസത്തെ സ്റ്റാൻഡ്‌ബൈ ബാറ്ററി സമയവും ഫോണിന് ലഭിക്കുമെന്ന് അവകാശപ്പെടുന്നു.
∙ ഡൂഗി എസ് 89
ഡൂഗി എസ് 89 ഹാൻഡ്സെറ്റും ആൻഡ്രോയിഡ് 12 ലാണ് പ്രവർത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്ക് ഫീച്ചറും ഉണ്ട്. ഡൂഗി എസ് 89 ന് 8ജിബി LPDDR4X റാമും 128ജിബി ഇൻബിൽറ്റ് സ്റ്റോറേജും ലഭിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ, 20 മെഗാപിക്സൽ സോണി IMX350 നൈറ്റ് വിഷൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 33W വയർഡ് ഫാസ്റ്റ് ചാർജിങ്, 15W വയർലെസ് ചാർജിങ് പിന്തുണയുള്ള 12,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലും പായ്ക്ക് ചെയ്യുന്നത്.