വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കലാശപ്പോരിനൊരുങ്ങുകയാണ്. മൂന്നാം തവണയാണ് ഇന്ത്യ വനിത ലോകകപ്പിന്റെ ഫൈനൽ കളിക്കാനൊരുങ്ങുന്നത്. മുമ്പ് രണ്ട് തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും ലോകകിരീടം സ്വന്തമാക്കാൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞിട്ടില്ല. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്.
വനിതാ ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നത്. ത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വനിതകൾ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്സിന്റെയും 89 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്.
മുമ്പ് 2005ലും 2017ലുമാണ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനൽ കളിച്ചിട്ടുള്ളത്. 2005ൽ ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വറിയനിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ഇന്ത്യയുടെ മറുപടി 46 ഓവറിൽ 117 റൺസിൽ അവസാനിച്ചു. 98 റൺസിനായിരുന്നു ഇന്ത്യൻ പരാജയം.
2017ൽ ഇംഗ്ലണ്ടിന് മുമ്പിലും കലാശപ്പോരിൽ ഇന്ത്യൻ സംഘം പരാജയപ്പെട്ടു. ഇംഗ്ലണ്ടിലെ ലോഡ്സിൽ നടന്ന കലാശപ്പോരിൽ ഒമ്പത് റൺസിനായിരുന്നു അന്നത്തെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തിട്ടുണ്ട്. മറുപടി ബാറ്റിങ്ങിൽ 48.4 ഓവറിൽ 219 റൺസിൽ ഇന്ത്യൻ സംഘം ഓൾഔട്ടായി.
ചരിത്രം തിരുത്തുവാൻ ഇറങ്ങുന്ന ഇന്ത്യൻ വനിതകൾക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക വനിത ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. പുരുഷ ടീമിനും ഇതുവരെ ഏകദിന ലോകകപ്പ് ഫൈനൽ കളിക്കാൻ സാധിച്ചിട്ടില്ല. ഞായറാഴ്ച നവി മുംബൈയിൽ നടക്കുന്ന ഫൈനലിൽ ആര് വിജയിച്ചാലും വനിതാ ക്രിക്കറ്റിന് പുതിയ ചാംപ്യന്മാർ പിറക്കും. ഇതുവരെ നടന്ന 12 ലോകകപ്പുകളിൽ ഓസ്ട്രേലിയ ഏഴ് തവണയും ഇംഗ്ലണ്ട് നാല് തവണയും ന്യൂസിലാൻഡ് ഒരു തവണയും ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







