ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. ഓഗസ്റ്റ് 19ന് ഏഷ്യ കപ്പിനായുള്ള ഇന്ത്യൻ ടി20 സ്‌ക്വാഡിന്റെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുക്കും എന്നാണ് അറിയാൻ സാധിച്ചത്. ഇപ്പോഴിതാ ഇന്ത്യൻ ടീം പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് തേടിയെത്തിയിരിക്കുന്നത്.
സെലക്ഷൻ മീറ്റിങ്ങിന് രണ്ട് ദിവസം മുമ്പ് ബുംറ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാകുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്. ഏഷ്യ കപ്പ് ടൂർണമെന്റിനുള്ള തന്റെ ലഭ്യത സ്ഥിരീകരിക്കുന്നതിനായി ബുംറ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സെലക്ടർമാരുമായി സംസാരിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ബുംറ കൂടി എത്തിയാൽ ടീം ഇന്ത്യയ്ക്ക് വലിയ ഊർജ്ജമാണ് ലഭിക്കുക.
പുറം വേദനയെ തുടർന്ന് നിർണായകമായ പല ടൂർണമെന്റുകളും നഷ്‌ടമായ താരമാണ് ജസ്പ്രീത് ബുംറ. അതുകൊണ്ടുതന്നെ താരത്തിന്റെ ജോലിഭാരം കുറക്കാൻ മാനേജ്‌മെന്റ് തീരുമാനം എടുക്കുകയും ചെയ്‌തിരുന്നു. ഈ കാരണത്താൽ ഇന്ത്യ – ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ബുംറ കളിച്ചത്.
2024 ലെ ലോകകപ്പ് ഫൈനലിന് ശേഷം ബുംറ ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. 2023 ലെ ഏകദിന ലോകകപ്പ് ഫൈനൽ ആണ് 50 ഓവർ ഫോർമാറ്റിലെ ബുംറയുടെ അവസാന മത്സരം.










Manna Matrimony.Com
Thalikettu.Com







