ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ ചാംപ്യൻസ് ടീമിലെ പല കളിക്കാരും പാക്കിസ്ഥാൻ ചാംപ്യൻസിന് എതിരെ കളിക്കാൻ വിസമ്മതിച്ചതോടെയാണ് സംഘാടകർ ഇന്ന് എഡ്ജ്ബാസറ്റണിൽ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്.
പാക്കിസ്ഥാൻ ചാംപ്യൻസിന് എതിരായ മത്സരം കളിക്കില്ല എന്ന് ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പഹൽഗാം തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉടലെടുത്ത സംഘർഷാവസ്ഥ ചൂണ്ടിക്കാണിച്ചാണ് പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖർ ധവാൻ അറിയിച്ചത്.
“ലോക ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സിലെ പാക്കിസ്ഥാനെതിരായ ഒരു മത്സരത്തിലും ഞാൻ കളിക്കില്ല എന്ന് ഔദ്യോഗികമായി അറിയിക്കുന്നു. ഇക്കാര്യം ഡബ്ല്യുസിഎൽ അധികൃതരെ ഫോൺ കോൾ വഴിയും 2025 മെയ് 11ന് വാട്സ്ആപ്പിലൂടെ നടത്തിയ ചർച്ചയിലും അറിയിച്ചിരുന്നു,” ശിഖർ ധവാൻ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.
“നിലവിൽ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ നിലനിൽക്കുന്ന അസ്വസ്ഥത കണക്കിലെടുത്ത് ധവാനും അദ്ദേഹത്തിന്റെ ടീമും പാക്കിസ്ഥാനെതിരെ കളിക്കേണ്ടതില്ല എന്ന് ഒരുപാട് ആലോചനകൾക്ക് ശേഷം തീരുമാനിച്ചു. ഇത് ലീഗ് മനസിലാക്കി സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു,” പ്രസ്താവനയിൽ വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







