കുട്ടിക്കാലം മുതൽ അമ്പതുനോമ്പുകാലം ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒരു കാലമായിരുന്നു. പ്രത്യേകിച്ച് കഷ്ടാനുഭവയാഴ്ച. അപ്പനുമമ്മയും പ്രാർത്ഥനയിലും നോയമ്പിലും ജാഗ്രതയുള്ളവർ ആയിരുന്നു. അമ്മയും ഞങ്ങൾ പെണ്മക്കളും വെള്ളിയാഴ്ച ദിവസങ്ങളിൽ ഉപവാസമനുഷ്ഠിക്കും.
ഇന്ന് പലരുംപറയുന്ന കൊഴുക്കട്ടശനിയെക്കുറിച്ച് എനിക്ക് കേട്ടുകേൾവി പോലുമില്ല. ഇനി മറവിയുടെ മാറാലയ്ക്കകത്ത് കൊഴുക്കട്ടശനി മൂടിപ്പോയതാണോ അറിയില്ല.
പക്ഷേ, ഓശാന ഞായർമുതൽ പാതാളമുയിർപ്പുശനി എന്ന ദു:ഖശനിവരെ കൊഴുക്കട്ട വീട്ടിലെ പ്രധാന വിഭവമാണ്. ശർക്കരയും തേങ്ങയും ജീരകവും ഏലക്കായുമൊക്കെ അകത്തുവച്ച കൊഴുക്കട്ടകളും തേങ്ങയും ജീരകവുമൊക്കെ ചേർത്ത, ഉള്ളിൽ ശർക്കര നിറയ്ക്കാത്ത കുഞ്ഞുണ്ടകളും അന്നൊക്കെ വളരെ സ്വാദിഷ്ടമായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് ഈ രുചികൾ അത്ര പ്രിയങ്കരങ്ങളല്ല.
വറുത്ത അരിപ്പൊടി തേങ്ങാപ്പാലും ഉപ്പും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ വാട്ടിക്കുഴച്ചെടുത്തുണ്ടാക്കുന്ന കഷ്ടാനുഭവ ആഴ്ചയിലെ കൊഴുക്കട്ടകൾ അമ്മമാർക്ക് ഏറെ സൗകര്യപ്രദവും സമയലാഭം നല്കുന്ന പലഹാരവുമാണ്. പണ്ടൊക്കെ കുഞ്ഞു മക്കളെ പള്ളിയിൽ കൊണ്ടുപോകുമ്പോൾ കുട്ടികൾ വിശന്നു കരയാതിരിക്കാൻ കൊഴുക്കട്ടയോ ചക്ക വറുത്തതോ ഒക്കെ അമ്മമാർ കയ്യിൽകരുതി വയ്ക്കും.
പെസഹാ ബുധനാഴ്ച വൈകുന്നേരം ഇണ്ട്രിയപ്പം (INRIappam) ഉണ്ടാക്കും. പുളിപ്പില്ലാത്ത അപ്പം. ബുധൻ രാത്രിയിലോ വ്യാഴം രാവിലെയോ വീട്ടിലെ തലമൂത്ത കാരണവർ അപ്പം മുറിക്കും. അപ്പത്തിനു കൂട്ടാൻ തേങ്ങാപ്പാലും ചക്കരപ്പാനി അല്ലെങ്കിൽ ശർക്കരപ്പാനിയും ചുക്കും ജീരകവും ഏലക്കായും ചേർത്ത് കാച്ചിക്കുറുക്കിയെടുക്കും. പാലുകുറുക്കു് എന്ന് ഇതിനെ വിളിക്കും. പാലു കുറുക്ക് ചേർത്താണ് അപ്പം കഴിക്കുന്നത്. ഈ അപ്പത്തിന് വലിയ രുചിയൊന്നുമില്ല. പുട്ടിനു പറ്റിയ അരിപ്പൊടിയിൽ അല്പം ഉഴുന്നരച്ചു ചേർത്ത് അതിൽ ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം ഏറെ തേങ്ങാപ്പീര ഇവ അരച്ചുചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് സമചതുരത്തിൽ ഇലകീറി ഇലയുടെ നടുക്ക് ഈ മാവുവച്ച് നാലു കോൺ കിട്ടത്തക്കവണ്ണം കോണോടു കോൺ മടക്കി അപ്പച്ചെമ്പിൽ വച്ച് പുഴുങ്ങിയെടുക്കാം.
നല്ല കനൽ അടുപ്പിൽ കട്ടിയുള്ള ദോശത്തട്ടം വച്ച് ചുട്ടെടുക്കുന്നവരും ഉണ്ട്. എന്നാൽ കുരിശപ്പം പുഴുങ്ങിത്തന്നെ എടുക്കും. മുമ്പെ പറഞ്ഞമാവിൽ നിന്ന് ആദ്യം വലിയഉരുള, പിന്നീട് അതിൽ ചെറുത്, മൂന്നാമത് അതിലും ചെറുത് എന്ന അളവിൽ മാവ് എടുത്തു മാറ്റിവച്ചിരുന്നതിൽ തേങ്ങാപ്പാലും തേങ്ങയും കൂടുതൽ ചേർത്ത് അല്പം പഞ്ചസാരയും ഉപ്പുവേണമെങ്കിൽ അല്പം കൂടി ചേർത്ത് അപ്പച്ചെമ്പിൽവച്ച് പുഴുങ്ങിയെടുക്കും. ഓശാനയ്ക്കു കിട്ടിയ കുരുത്തോലയിൽ നിന്ന് ഈർക്കിൽ ഇല്ലാതെ അല്പം ഓലചീന്തിയെടുത്ത് കുരിശാകൃതിയിൽ കോർത്തെടുത്ത് അപ്പത്തിൻ്റെ നടുക്കുവച്ച് പുഴുങ്ങും. ഈ അപ്പം നല്ല ശുദ്ധവൃത്തിയോടെ ശ്രദ്ധയോടെ ഉണ്ടാക്കണം എന്നുള്ളതിനാൽ പലരും കുരിശു വച്ച് അപ്പമുണ്ടാക്കാൻ ഭയം കാണിക്കുന്നു. യേശുവിൻ്റെ കാൽവരിയാഗസമയത്ത് കുരിശിൽ യേശുവിൻ്റെ തലയ്ക്കു മീതെ അവൻ്റെ കുറ്റപത്രം എബ്രായഭാഷയിൽ എഴുതി വച്ചിരുന്നു. “നസറായനായ യേശു യഹൂദന്മാരുടെ രാജാവ്”
അതിൻ്റെ ലാറ്റിൻ ഭാഷയിലെ ചുരുക്കരൂപമാണ് INRI. IESUS NAZARENUS REX IUDAEORUM. Jesus of Nazareth King of Jews.
INRI ൽ നിന്നാണ് ഇന്..റി അപ്പം എന്നു പറയാൻ തുടങ്ങിയത്. പറഞ്ഞു പറഞ്ഞ് ഇണ്ട്രിയപ്പം എന്നായി. (പറഞ്ഞു പറഞ്ഞ് ഇനി എന്നാണോവാ ഇന്ത്യനപ്പം, ഇന്ദിരയപ്പം എന്നൊക്കെപ്പറയുക) ഈ അപ്പം മുറിക്കേണ്ടത് വീട്ടിലെ മുതിർന്ന കാരണവരാണ്.
അപ്പത്തിന് പറയത്തക്ക രുചിയില്ലെങ്കിലും പാലുകുറുക്ക് കൂട്ടി അത് കഴിക്കുന്നവർക്കൊക്കെ ഒരാനന്ദമാണ്. തൊട്ടയൽവാസികൾക്കും സുഹൃത്തുക്കൾക്കു മൊക്കെ സന്തോഷം പകരുന്ന അപ്പമാണ് ഇത്. ഈ അപ്പം മുറിച്ചുകൊടുക്കുമ്പോൾ ക്രിസ്മസ്സിന് കേക്കുമുറിക്കുമ്പോലെ എല്ലാവർക്കുമുണ്ടാകുന്ന ആഹ്ലാദം അവർണ്ണനീയമാണ്.
യേശു തൻ്റെ ശിഷ്യരുമൊത്ത് അന്ത്യ അത്താഴം കഴിച്ചത്, പെസഹാ നാളിലാണ്. യേശുവിൻ്റെ പരിപാവനമായ അന്ത്യ അത്താഴത്തെ മാത്രമല്ല, മിസ്രയിമിലെ അടിമത്തത്തിൽനിന്ന് യിസ്രായേൽ ജനതയ്ക്ക് കിട്ടിയ മോചനത്തിൻ്റെ ആഘോഷം കൂടിയാണ് പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ. പെസഹ എന്ന ഹീബ്രു വാക്കിൻ്റെ അർത്ഥം Passover – കടന്നു പോക്ക്.
യിസ്രായേൽ ജനതയെ അതികഠിനമായി പീഡിപ്പിച്ച ഫറവോനും മിസ്രയിമിനും നേരെ സർവ്വശക്തനായ യഹോവയുടെ കോപം ജ്വലിക്കുന്നു. സംഹാരദൂതൻ മിസ്രയീമിൽ കടിഞ്ഞൂൽ സംഹാരം നടത്തുന്നു. ഭയന്നുപോയ ഫറവോൻ ഇസ്രായേൽ ജനതയോട് നിങ്ങൾ ദേശം വിട്ടുപോകാൻ കല്പിക്കുന്നു. അങ്ങനെ ഇസ്രായേൽ ജനം ഓടിപ്പോകുന്നു. അവർ രക്ഷപെട്ടോടിപ്പൊന്നതിൻ്റെ ഓർമ്മയായി തലമുറതലമുറയായി ഈ പെസഹാദിനങ്ങൾ ആചരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ബൈബിളിലെ പുറപ്പാട് 12-ൽ പെസഹാ നാളുകളെക്കുറിച്ചും അതിൻ്റെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. ദൈവശാസീയമായ കല്പനയാണ് പെസഹാ ആഘോഷത്തിൽ അടങ്ങിയിരിക്കുന്നതെന്ന് ‘പുറപ്പാട്’ പരിശോധിച്ചാൽ കാണാം.
ഹീബ്രുവിലെ ഒന്നാം മാസം (നീസാൻ) പതിനഞ്ചാം തീയതി മുതൽ ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം വരെയും പുളിപ്പില്ലാത്ത അപ്പം കഴിക്കണമെന്ന നിത്യനിയമം അവർ ഉറപ്പാക്കി.
പെസഹാ പെരുന്നാളിൽ പാപബലിയ്ക്കായ് പെസഹാക്കുഞ്ഞാടിനെ അറുക്കുമായിരുന്നു. പെസഹാടിനെ നീക്കി സർവ്വജനത്തിനു വേണ്ടിയും യേശു സ്വയം യാഗമായി. മർക്കോസ് :14: ൻ്റെ 12 മുതൽ 72 വരെയുള്ള വാക്യങ്ങളിൽ യേശുവിൻ്റെ അന്ത്യ അത്താഴവും യൂദയുടെ ഒറ്റുകൊടുക്കലും പത്രോസിൻ്റെ തള്ളിപ്പറയലും പത്രോസിൻ്റെ പശ്ചാത്താപവും യേശുവിൻ്റെ ഗദ്സമേനിലെ പ്രാർത്ഥനയും വിവരിച്ചിരിക്കുന്നു.
ഈ ഭൂമിയിൽ തലചായ്ക്കാനിടം സമ്പാദിയ്ക്കാനല്ല, ലോകജനതയെ രക്ഷിപ്പാനാണ് യേശുനാഥൻ മനുഷ്യ ജന്മമെടുത്ത് അവതരിച്ചത്. ശിഷ്യന്മാർ ഗുരുവിനോട് ചോദിച്ചു: “നീ പെസഹാ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം” യേശു ശിഷ്യന്മാരിൽ പത്രോസിനെയും യോഹന്നാനെയും അയച്ച് “നഗരത്തിൽ ചെല്ലുവിൻ അവിടെ ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. അവൻ്റെ പിന്നാലെ ചെന്ന് അവൻ കടക്കുന്നേടത്ത് ആ വീട്ടുടയവനോട് ഞാൻ എൻ്റെ ശിഷ്യന്മാരുമായി പെസഹാ കഴിപ്പാനുള്ള ശാല എവിടെയെന്ന് ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും അവിടെ ഒരുക്കുവിൻ” ശിഷ്യന്മാർ യേശു പറഞ്ഞതുപോലെ കണ്ട് പെസഹാ അവിടെ ഒരുക്കി. മർക്കോസിൻ്റെ മാളിക വിശുദ്ധനാടുയാത്രക്കാർക്ക് കാണാനാവും.
ഈ അത്താഴ വേളയിൽ യേശു പറയുന്നു: “നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചു കൊടുക്കും. എന്നോടു കൂടി കൈയ്യ് താലത്തിമുക്കുന്നവൻ തന്നെ. മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം. അവൻ ജനിക്കാതിരുന്നെങ്കിൽ ഏറെ നന്ന്”
യേശു ശിഷ്യന്മാരുടെ പാദം കഴുകി എളിമയുടെ മാതൃക കാട്ടിക്കൊടുത്തു. നിങ്ങൾ തമ്മിൽ തമ്മിൽസ്നേഹിപ്പിൻ എന്ന് അവരെ പഠിപ്പിച്ചു. ശിഷ്യന്മാർക്കിടയിൽ വലിയവൻ ചെറിയവൻ തർക്കം ഉടലെടുത്തിരുന്നത് യേശു മനസ്സിലാക്കിയിട്ടാണ് ദൈവപുത്രൻ തൻ്റെ ശിഷ്യരുടെ പാദം കഴുകി തുവർത്തിക്കൊടുത്തത്.
യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തിട്ട് “ഇത് എൻ്റെശരീരം എന്നു പറഞ്ഞു പാനപാത്രം എടുത്ത് സ്തോത്രം ചൊല്ലി അവർക്കു നല്കി. എല്ലാവരും അതിൽ നിന്നു കുടിച്ചു. ഇത് അനേകർക്കുവേണ്ടി ചൊരിയുന്ന നിയമത്തിനുള്ള എൻ്റെ രക്തം, മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കും നാൾവരെ ഞാൻ അത് ഇനി അനുഭവിക്കയില്ല എന്നു പറഞ്ഞു”
തുടർന്ന് യേശു തൻ്റെ മരണവും ഉയിർത്തെഴുന്നേല്പും ശിഷ്യന്മാർക്കു പറഞ്ഞു കൊടുത്തു. ഗദ്സമേൻ തോട്ടത്തിൽ രക്തം വിയർപ്പാക്കി യേശു പ്രാർത്ഥിച്ചു. ശിഷ്യന്മാർ യേശുവിനോടൊപ്പം പ്രാർത്ഥനയിൽ ഉറ്റിരിക്കാതെ ഉറങ്ങുന്നതു കണ്ട് അരുമനാഥൻ പറഞ്ഞു “ആത്മാവ് ഒരുക്കമുള്ളതെങ്കിലും ജഡം ബലഹീനമത്രേ”
യേശുവിൻ്റെ, പിതാവിനോടുള്ള പ്രാർത്ഥന എൻ്റെ ചങ്കുതകർക്കുന്ന ഒന്നാണ്. ” അവൻ അല്പം മുമ്പോട്ടു നീങ്ങി നിലത്തുവീണു, കഴിയുമെങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു; അബ്ബാ പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമെ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതു പോലെയല്ല, നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു”
പ്രാർത്ഥനയുടെ അവസാനം ഒറ്റുകാരനായ യൂദാ പടയാളികളുമായി വന്നു, ചുംബനം ചെയ്തുകൊണ്ട് യേശുവിൻ്റെ ശത്രുക്കൾക്ക് അവനെ കാണിച്ചു കൊടുക്കുന്നു. യേശു തന്നെപിടിക്കാൻ വരുന്ന പാപികളുടെ കയ്യിൽ സ്വയം ഏല്പിച്ചുകൊടുക്കുന്നു. “നിങ്ങൾ ആരെ അന്വേഷിക്കുന്നു? നസറായനായ യേശു ഞാൻ തന്നെ എന്നാൽ ഇവർ പോകട്ടെ” എന്ന് സ്വയം ഏല്പിച്ചു കൊടുത്ത് യേശു ശിഷ്യരെ രക്ഷിക്കുന്നു.
“നിങ്ങൾ വാളും വടിയുമായി ഒരു കള്ളനെയെന്നവണ്ണം എന്നെ പിടിക്കാൻ വന്നതെന്ത്? ഞാൻ എന്നും ദേവാലയത്തിൽ സംസാരിച്ചുകൊണ്ടിരുന്നല്ലോ” എന്ന് യേശു ചോദിച്ചു.
തന്നെ പിടിച്ചവരിൽ ഒരുത്തൻ്റെ കാത് പത്രോസ് അറുത്തു കളഞ്ഞു. യേശു പത്രോസിനെ ശാസിച്ചു;
“വാൾ ഉറയിലിടുക, വാളെടുക്കുന്നവൻ വാളാൽ മരിക്കും” കാതു മുറിഞ്ഞുപോയ ഭൃത്യന്റെ കാത് യേശു തൊട്ടുസൗഖ്യമാക്കുന്നു, ആ ദാസൻ്റെ പേര് മല്ക്കോസ്.
റബ്ബീ, എന്നു വിളിച്ച് ചുംബനം കൊണ്ട് പണക്കൊതിയനായ യൂദ യേശുവിനെ മുപ്പതു വെള്ളിക്കാശിന് ഒറ്റുകൊടുത്തു. ശിഷ്യന്മാർ എല്ലാം ഭയന്നോടിപ്പോയി.
ഈ സംഭവങ്ങൾ എല്ലാം നടന്നത് പെസഹയുടെ രാത്രിയിലാണ്. ദ്സമേൻ തോട്ടത്തിലും ആ പള്ളിയിലും പോകുവാനുള്ള കൃപ യേശു എനിക്കു നല്കി. യേശു കമിഴ്ന്നുവീണു പ്രാർത്ഥിച്ച പാറയിൽ ഏറെ നേരം കമിഴ്ന്നു വീണ് ഞാനും പ്രാർത്ഥിച്ചു. ചർച്ച് ഓഫ് ഓൾ നേഷൻസ് – ചർച്ച് ഓഫ് അഗണി എന്നാക്കെ അറിയപ്പെടുന്ന ആ പള്ളി കണ്ണീർത്തുള്ളിയുടെ ആകൃതിയിലാണ് പണിതിരിക്കുന്നത്. ആൻറണി ബെറോണിക്കയാണ് ഈ ‘വേദനയുടെ പള്ളി പണിതിരിക്കുന്നത് ‘ ഗദ്സമേൻ തോട്ടത്തിലെ മരങ്ങൾ ഇരുമ്പു ചങ്ങലകൊണ്ടുള്ള വേലി കെട്ടി സൂക്ഷിച്ചിരിക്കുന്നു.
” പെസഹായാൽ പെസഹാടിനെ
മായ്ച്ചൊരു മിശിഹാ മോദിപ്പിച്ചരുളുൾ കൃപ നിൻ പെസഹായാൽ”
ലേഖനം കടപ്പാട് : സൂസൻ പാലത്ര