മഹാശിവരാത്രിക്കൊരുങ്ങി ആലുവാ മണപ്പുറം. 148 ബലിത്തറകളാണ് ബലിതര്‍പ്പണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി വരെ ശിവരാത്രിബലിയും അത് കഴിഞ്ഞ് വാവുബലിയുമാണ് നടക്കുക.
ശിവരാത്രി പ്രമാണിച്ച് ആലുവയിലെങ്ങും പൊലീസ് സുരക്ഷയും കര്‍ശനമാക്കി. പട്ടണത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസ് നടത്തും. ആലുവ അദ്വൈതാശ്രമത്തിലും ശിവരാത്രി ബലിതര്‍പ്പണം ഉണ്ടാകും.
ശിവരാത്രിയോട് അനുബന്ധിച്ച് അദ്വൈതാശ്രമത്തില്‍ നടക്കുന്ന 99-ാമത് സര്‍വമത സമ്മേളനം ചൊവ്വ വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ആലുവ ശിവരാത്രി മണപ്പുറത്ത് വിശ്വാസികള്‍ ഇന്ന് രാത്രി 12നുശേഷം ബലിതര്‍പ്പണം നടത്തും.
ബുധന്‍ രാത്രി 11 വരെ ബലിതര്‍പ്പണം നടത്താം. നൂറ്റമ്പത് ബലിത്തറകളിലായി ഒരേസമയം ആയിരത്തോളം പേര്‍ക്ക് ബലിയിടാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് 2000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്.
500 പേര്‍ക്ക് ഒരേസമയം ഇവിടെ ബലിയിടാം. സുരക്ഷാ സംവിധാനം പരിശോധിക്കാന്‍ തിങ്കള്‍ വൈകിട്ട് അഗ്നി രക്ഷാസേന പെരിയാറില്‍ നിരീക്ഷണം നടത്തി. പൊലീസ് ഡോഗ് സ്‌ക്വാഡും പ്രത്യേകപരിശോധന നടത്തി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്റെ നേതൃത്വത്തിലുള്ള സംഘം മണപ്പുറത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പൊലീസ്, അഗ്‌നി രക്ഷാസേന, ആരോഗ്യവകുപ്പ് എന്നിവയുടെ താല്‍ക്കാലിക കേന്ദ്രങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.