‘ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്’ എന്ന ചിത്രത്തിൽ സിൽവർ സർഫർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജൂലിയ ഗാർണർ ആണ്. അങ്ങനെ ഒരു സ്ത്രീയെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുക്കും എന്ന വിഷയത്തിലെ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്നത്. അതിനിടയിൽ ജൂലിയ ഗാർണർ നൽകിയ മറുപടിയും വൈറലാവുന്നു.
മാർവൽ കോമിക്സ് സൂപ്പർഹീറോ ടീമായ ഫൻ്റാസ്റ്റിക് ഫോർ അടിസ്ഥാനമാക്കി പുറത്തിറങ്ങാനിരിയ്ക്കുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ദി ഫൻ്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്. മാർവൽ സ്റ്റുഡിയോ നിർമ്മിക്കുകയും വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സ് വിതരണം ചെയ്യുകയും ചെയ്യുന്ന ഈ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 37-ാമത്തെ ചിത്രവും ഫൻ്റാസ്റ്റിക് ഫോർ ഫിലിം സീരീസിൻ്റെ രണ്ടാമത്തെ റീബൂട്ടുമാണ്. ജോഷ് ഫ്രീഡ്മാൻ, എറിക് പിയേഴ്സൺ, ജെഫ് കപ്ലാൻ, ഇയാൻ സ്പ്രിംഗർ എന്നിവരുടെ തിരക്കഥയിൽ മാറ്റ് ഷാക്മാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പെഡ്രോ പാസ്കൽ, വനേസ കിർബി, എബോൺ മോസ്-ബച്‌റാച്ച്, ജോസഫ് ക്വിൻ എന്നിവരോടൊപ്പമാണ് ജൂലിയ ഗാർനറും സിൽവർ സർഫർ ആയി എത്തുന്നത്. ഹോളിവുഡിൽ ഒരുപാട് കാലമായി ഒരു സ്ത്രീ സിൽവർ സർഫർ ആകുമോ എന്ന ചർച്ച നടന്നിരുന്നു. സാധാരണയായി പുരുഷനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാറുള്ളത്. ഈ ചിത്രത്തിൽ സ്ത്രീ സിൽവർ സർഫർ വരുമെന്ന് പ്രഖ്യാപിച്ചതോടെ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് ഇത് വഴിവെച്ചിരുന്നു. സ്ത്രീകളെ കൂടുതൽ പ്രധാനപ്പെട്ട വേഷങ്ങളിലേക്ക് കൊണ്ടുവരുന്നതിനെ സ്വാഗതം ചെയ്യുന്നവരും, പരമ്പരാഗത കഥാപാത്രങ്ങളെ മാറ്റുന്നത് ശരിയല്ലെന്ന് വാദിക്കുന്നവരും തമ്മിൽ ഇത് സംബന്ധിച്ച് വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു.
വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട്, തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകുമെന്നും, എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടത് തന്റെ ജോലിയല്ലെന്നും ജൂലിയ ഗാർണർ വ്യക്തമാക്കി. ചിത്രത്തിന്റെ ലണ്ടൻ പ്രീമിയർ വേദിയിൽ ബിബിസിയോട് സംസാരിക്കവെ, സിൽവർ സർഫർ കഥാപാത്രത്തെ ഒരു പുരുഷനാണ് അവതരിപ്പിക്കേണ്ടിയിരുന്നത് എന്ന ചിലരുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു നടി. ഈ ചർച്ചകൾക്ക് താൻ വലിയ പ്രാധാന്യം നൽകുന്നില്ലെന്നും, കഥാപാത്രത്തെ തനിക്ക് സാധ്യമായ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും ജൂലിയ ഗാർണർ മറുപടി നൽകി.
2007-ലെ ചിത്രത്തിൽ നോറിൻ റാഡ് എന്ന യഥാർത്ഥ സിൽവർ സർഫറിനെയാണ് അവതരിപ്പിച്ചത്. ഡഗ് ജോൺസ് മോഷൻ ക്യാപ്ചറിലൂടെ ആ കഥാപാത്രത്തിന് ജീവൻ നൽകിയപ്പോൾ, ലോറൻസ് ഫിഷ്ബേൺ ശബ്ദം നൽകി. എന്നാൽ, ‘ഫസ്റ്റ് സ്റ്റെപ്സ്’ എന്ന പുതിയ ചിത്രം ഷാല്ല-ബാൽ എന്ന സിൽവർ സർഫറിന്റെ മറ്റൊരു പതിപ്പിനെയാണ് വെള്ളിത്തിരയിൽ എത്തിക്കുന്നത്. ഈ വ്യത്യാസം എടുത്തു കാണിച്ചുകൊണ്ട് ജൂലിയ പറഞ്ഞു, ഇത് ഷാല്ല-ബാൽ ആണ്, അതുകൊണ്ട് ഇത് വ്യത്യസ്തമാണ്. 1968-ൽ ‘ദ സിൽവർ സർഫർ #1’ എന്ന കോമിക്സിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഷാല്ല-ബാൽ, നോറിൻ റാഡിന്റെ സ്ത്രീ പതിപ്പാണ്- ജൂലിയ വ്യക്തമാക്കി. ജൂലൈ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്.










Manna Matrimony.Com
Thalikettu.Com







