പ്രമേഹം അഥവാ ഡയബറ്റിസ് ഇന്ന് ഇന്ത്യയിലെ വലിയൊരു ആരോഗ്യപ്രശ്നമായി മാറിക്കഴിഞ്ഞു. സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കടുത്ത ഭക്ഷണനിയന്ത്രണമാണ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്. എന്നാൽ ഭക്ഷണത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുകയാണ് എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കിയ ഗ്യാസ്‌ട്രോ എൻഡറോളജിസ്റ്റ് ഡോ.സൗരഭ് സേഠി.
ഭക്ഷണം കഴിച്ച ഉടനെ വെറും 10 മിനിറ്റ് നടക്കുക എന്ന ലളിതമായ ശീലമാണ് ഇതിന് പരിഹാരമായി ഡോക്ടർ നിർദ്ദേശിക്കുന്നത്. ഇതിനായി അതിവേഗത്തിൽ നടക്കുകയോ ജിമ്മിൽ പോയി കഠിനമായി വ്യായാമം ചെയ്യുകയോ വേണ്ടതില്ല. ഓരോ തവണ ലഘുഭക്ഷണമോ പ്രധാന ഭക്ഷണമോ കഴിച്ച ശേഷം 10 മിനിറ്റ് സാധാരണ വേഗതയിൽ നടക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
നമ്മുടെ കാലിലെ പേശികൾ ഒരു ‘സ്പോഞ്ച്’ പോലെയാണെന്ന് ഡോക്ടർ സേഠി വിശദീകരിക്കുന്നു. നമ്മൾ നടക്കുമ്പോൾ ഈ പേശികൾ രക്തത്തിലുള്ള ഗ്ലൂക്കോസിനെ നേരിട്ട് വലിച്ചെടുക്കുന്നു. ഇത് ഇൻസുലിന്റെ അമിതമായ ഉൽപാദനം തടയുകയും കരൾ തുടങ്ങിയ അവയവങ്ങളിലേക്ക് അമിതമായി കൊഴുപ്പ് എത്താതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നടന്നാലുള്ള ഗുണങ്ങൾ ഇവയാണ്
രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടുന്നത് തടയുന്നു
ഇൻസുലിന്റെ അളവ് ക്രമീകരിക്കുന്നു
കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു
വയറിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുന്നു
എനർജി നിലനിർത്താൻ സഹായിക്കുന്നു
പ്രീ-ഡയബറ്റിസ്, ടൈപ്പ് 2 ഡയബറ്റിസ്, ഇൻസുലിൻ റെസിസ്റ്റൻസ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ഈ ലളിതമായ ശീലം ഏറെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അധ്വാനമില്ലാതെ തുടങ്ങാവുന്ന ഒന്നാണിത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.










Manna Matrimony.Com
Thalikettu.Com







