തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി അഞ്ചുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുപേരും തിരുവനന്തപുരം സ്വദേശികളാണ്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ 120 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. ഇതിൽ 25 പേരാണ് രാഗം ബാധിച്ച് മരിച്ചത്.
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗം. വെള്ളത്തിൽ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകാം. കുളിക്കുന്നതിനിടയിൽ വെള്ളം കുടിച്ചാൽ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കില്ല.
പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കിൽ കടന്നാൽ അമീബ മൂക്കിലെ അസ്ഥികൾക്കിടയിലുളള വിടവിലൂടെ തലച്ചോറിൽ എത്തുകയും രോഗമുണ്ടാവുകയും ചെയ്യും.
രോഗം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല. രോഗബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങും.
കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്. ശക്തമായ പനി, ഛർദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. രോഗത്തിനുള്ള ചികിത്സ ലഭ്യമല്ല. രോഗത്തിന് മരണ സാധ്യത കൂടുതലായതുകൊണ്ടുതന്നെ രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങൾ നിലനിർത്തുകയാണ് ചെയ്യുന്നത്.










Manna Matrimony.Com
Thalikettu.Com







