ശരീര ഭാരം കുറച്ച് ബോളിവുഡിനെ അമ്പരപ്പിച്ച നിരവധി സെലിബ്രിറ്റികളുണ്ട്. ബോളിവുഡിലേക്ക് എത്തുന്നതിനു മുമ്പ് ശരീരഭാരം കുറച്ച സെലിബ്രിറ്റികളിൽ ഒരാളാണ് നടി സോനം കപൂർ. 2007-ൽ ‘സാവരിയ’ എന്ന തന്റെ ആദ്യ സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് സോനം കപൂറിന് ഏകദേശം 90 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 35 കിലോയാണ് സോനം കുറച്ചത്.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പാണ് സോനം അധിക കിലോ കുറയ്ക്കാൻ തീരുമാനിച്ചത്. ശരീര ഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചത് അമ്മയാണെന്ന് ഒരു പഴയ അഭിമുഖത്തിൽ സോനം വെളിപ്പെടുത്തിയിരുന്നു. “കൗമാരപ്രായത്തിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ചോക്ലേറ്റുകൾ, ഐസ്ക്രീമുകൾ, വറുത്ത ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയിൽ നിന്ന് എന്നെ അകറ്റി നിർത്തുകയായിരുന്നു അമ്മ ആദ്യം ചെയ്തത്.”
ഒരുകാലത്ത് മാംസാഹാരിയായിരുന്ന സോനം കപൂർ, പിന്നീട് മാംസാഹാരം ഉപേക്ഷിക്കുകയും ജങ്ക് ഫുഡ് ഒഴിവാക്കുകയും രണ്ട് മണിക്കൂർ ഇടവേളകളിൽ ഭക്ഷണം കഴിക്കുകയും ചെയ്തു. യോഗ, കാർഡിയോ, നീന്തൽ എന്നിവ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചു. ഇത് ശരീര ഭാരം കുറയ്ക്കാൻ സോനത്തെ സഹായിച്ചുവെന്നാണ് റിപ്പോർട്ട്.
പ്രസവശേഷം സോനം ശരീര ഭാരം കുറച്ചത് എങ്ങനെ?
ഗർഭിണിയാകുന്നതുവരെ സോനത്തിന് ഫിറ്റ്നസ് നിലനിർത്താൻ കഴിഞ്ഞു. പ്രസവശേഷം ശരീര ഭാരം കൂടി. പ്രസവശേഷം ശരീരഭാരം വർധിക്കുന്നത് സ്ത്രീകൾക്കിടയിൽ സാധാരണമാണ്. സോനത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രസവശേഷം ക്രാഷ് ഡയറ്റുകളും അമിതമായ വ്യായാമങ്ങളും ഇല്ലാതെ പതുക്കെ, സ്ഥിരതയോടെ തനിക്ക് ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞതായി വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ സോനം പറഞ്ഞിരുന്നു. പ്രസവശേഷം 20 കിലോയാണ് താരം കുറച്ചത്. ഭക്ഷണക്രമത്തിലെ നിയന്ത്രണവും പതിവ് വ്യായാമവും സോനം ഇന്നും പിന്തുടരുന്നതാണ് താരത്തെ ഫിറ്റായി നിലനിർത്തുന്നത്.










Manna Matrimony.Com
Thalikettu.Com







