ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റിലെ പുതിയ ഉപവിഭാഗം ബിഎ2.75 (BA 2.75) കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് കേസുകളും വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ഏകദേശം 30 ശതമാനമാണ് വര്‍ദ്ധിച്ചത്.
ലോകാരോഗ്യ സംഘടനയുടെ ഉപമേഖലകളില്‍ ആറില്‍ നാലിലും കേസുകള്‍ കഴിഞ്ഞ ആഴ്ചയില്‍ വര്‍ദ്ധിച്ചതായി ഡബ്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും BA.4 ഉം BA.5 ഉം തരംഗങ്ങളാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ BA.2.75 ന്റെ ഒരു പുതിയ ഉപവിഭാഗവും കണ്ടെത്തിയിട്ടുണ്ട്- ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുരാതന ചൈനീസ് നഗരമായ ഷിയാനില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടന്‍, യു.എസ് രാജ്യങ്ങള്‍ക്കു പിന്നാലെ ഒമിക്രോണ്‍ വകഭേദമാണ് ചൈനയിലും കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്. 1.3 കോടി ആളുകള്‍ താമസിക്കുന്ന ഷിയാനില്‍ ഒരാഴ്ചത്തേക്ക് സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും റസ്റ്റാറന്റുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തിലെ അതീവ കോവിഡ് വ്യാപനമുള്ള ഭാഗങ്ങളില്‍ ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്.
അതിനിടെ, 2.5 കോടി ആളുകള്‍ക്ക് വ്യാപക കോവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ഷാങ്ഹായ് നഗരം. ഒരാളെ പോലും പരിശോധിക്കാതെ വെറുതെ വിടി?ല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്‍ഹുയ് പ്രവിശ്യയില്‍ രണ്ടു കൗണ്ടിയില്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്.