വിമാനയാത്രയ്ക്കിടെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ബാത്റൂമില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് യുവതി. ഷിക്കാഗോയില്‍നിന്ന് ഐസ്ലന്‍ഡിലേക്കുള്ള യാത്രാമധ്യേയാണ് മിഷിഗണില്‍നിന്നുള്ള അധ്യാപികയായ മരീസ ഫോഷിയോക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഇവരെ ബാത്റൂമിലേക്ക് മാറ്റുകയായിരുന്നു.
വിമാനയാത്രയ്ക്കിടെ കടുത്ത തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനത്തിന്റെ ബാത്റൂമിലെത്തി റാപിഡ് ടെസ്റ്റ് നടത്തിയത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബാത്റൂമില്‍ തന്നെ ഇരിക്കാനുള്ള സൗകര്യം സജ്ജീകരിച്ച് ക്വാറന്റൈന്‍ ഒരുക്കി.
രണ്ട് പിസിആര്‍ ടെസ്റ്റും അഞ്ച് റാപിഡ് ടെസ്റ്റും നടത്തിയാണ് മരീസ വിമാനത്തില്‍ കയറിയതെന്നതാണ് കൗതുകകരമായ കാര്യം. ഇതോടൊപ്പം മുഴുവന്‍ ഡോസ് വാക്സിന്‍ സ്വീകരിക്കുകയും ബൂസ്റ്റര്‍ ഡോസടക്കം എടുക്കുകയും ചെയ്തിരുന്നു. ഇതിനുമുന്‍പും നിരന്തരം കോവിഡ് പരിശോധന നടത്തിയിരുന്നയാളാണ് ഇവര്‍. അപ്പോഴൊന്നും രോഗം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍, ഐസ്ലന്‍ഡിലേക്ക് വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിനിടെയാണ് തൊണ്ടവേദന മൂലം വീണ്ടും ടെസ്റ്റ് നടത്തിനോക്കിയതും കോവിഡ് സ്ഥിരീകരിക്കുന്നതും.
”തൊണ്ടവേദന അനുഭവപ്പെട്ടപ്പോള്‍ ഒന്നു ടെസ്റ്റ് നടത്തിനോക്കാമെന്ന് ചിന്തിച്ചു. റാപിഡ് ടെസ്റ്റ് എടുത്തപ്പോള്‍ ഫലം പോസിറ്റീവായിരുന്നു. ഇതോടെ ആശങ്കയായി. ആകെ പരിഭ്രാന്തയായി. കരയാനും തുടങ്ങി. കുടുംബം കൂടെയുണ്ട്. തൊട്ടുമുന്‍പാണ് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്. അവരെക്കുറിച്ച് ആലോചിച്ചു. വിമാനത്തിലെ മറ്റു യാത്രക്കാരുടെ കാര്യവും മനസില്‍ വന്നു. എന്റെ തന്നെ കാര്യത്തിലും ഉത്കണ്ഠയായി..” ആ നിമിഷത്തെക്കുറിച്ച് മരീസ ഫോഷിയോ മാധ്യമങ്ങളോട് പ്രതികരിച്ചു.
പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച കാര്യം വിമാന ജീവനക്കാരോട് പറഞ്ഞു. എന്നാല്‍, വിമാനത്തില്‍ ഒഴിഞ്ഞ സീറ്റുണ്ടായിരുന്നില്ല. ഇതോടെ താന്‍ തന്നെയാണ് ബാത്റൂമിലിരിക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. മറ്റു യാത്രക്കാര്‍ക്കിടയില്‍ ഇരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മരീസ പറഞ്ഞു.
സഹോദരനും അച്ഛനുമായിരുന്നു മരീസയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നത്. ഇരുവര്‍ക്കും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഐസ്ലന്‍ഡില്‍ വിമാനമിറങ്ങിയ ശേഷം ടെസ്റ്റ് നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്തുതന്നെ ഹോട്ടലില്‍ മുറിയെടുത്ത് ഇവര്‍ ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com







