ദില്ലി: പിവി അൻവറിനെ മാറ്റിനിര്‍ത്തണമെന്ന വികാരം യുഡിഎഫിൽ ആര്‍ക്കുമില്ലെന്നും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന് അൻവറിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമില്ല.
ആശയവിനിമയത്തിൽ എന്താണ് പാളിച്ച വന്നതെന്ന് പരിശോധിക്കും. ഇടതുപക്ഷത്തിന്റെ നെറികെട്ട ഭരണം കാരണമാണ് അൻവര്‍ പുറത്തുവന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് അന്‍വര്‍ രാജിവെച്ചതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
പിവി അൻവര്‍ വിഷയത്തിൽ ആരെയും വിമര്‍ശിക്കാതെ അനുനയത്തിന്റെ സൂചനയാണ് കെസി വേണുഗോപാൽ നൽകിയത്. മുന്നണിയുടെ ഭാഗമാകാത്തതിലുള്ള അതൃപ്തി തുറന്നു പറഞ്ഞ പിവി അൻവര്‍ ഇനി കെസി വേണുഗോപാലിലാണ് പ്രതീക്ഷയെന്നും ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു. വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അൻവറിന്റെ അടുത്ത നീക്കം എന്താണെന്നാണ് ഇനി അറിയേണ്ടത്.
അതേസമയം, അൻവര്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രീതിയിൽ ലീഗിനും എതിര്‍പ്പുണ്ട്. നിലമ്പൂരിൽ ജയിക്കേണ്ടത് യുഡിഫ് ആവശ്യമാണെന്നും താഴോട്ട് ഇറങ്ങണമെങ്കിൽ ഇറങ്ങണമെന്നുമാണ് ലീഗിന്റെ നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. അതേസമയം, വിഷയത്തിൽ എവിടെയും ഇല്ലാതാകാൻ നിൽക്കരുതെന്നും രാഷ്ട്രീയ ഭാവി സ്വയം ഇല്ലാതാക്കരുതെന്നുമുള്ള മുന്നറിയിപ്പും ലീഗ് അൻവറിന് നൽകുന്നുണ്ട്