കോഴിക്കോട്: തന്നെ കത്രികപൂട്ടിട്ട് പൂട്ടുകയാണെന്നും കാലുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണെന്നും പി.വി. അന്‍വര്‍. തന്നെ യുഡിഎഫ് ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇനി ആരുടെയും കാലുപിടിക്കാനില്ല. കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. അദ്ദേഹവുമായി സംസാരിക്കും -അൻവർ ഇന്നു രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞു. തൃണമൂലിനെ ഘടകക്ഷിയാക്കാൻ എന്താണ് പ്രശ്നമെന്നും അന്‍വര്‍ ചോദിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പേര് പറയാതെ അൻവര്‍ ശക്തമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ കെ. സുധാകരനും ചെന്നിത്തലയും കെ. മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. അൻവര്‍ നിലപാട് പറയട്ടെയെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ പറഞ്ഞത്. യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു.
ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്ന എം.എം. ഹസൻ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഏൽപ്പിച്ചതാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
എന്നാൽ പിന്നീട് ഇതു സംബന്ധിച്ച് ഒരു വിവരവുമില്ല. പലതവണ വി.ഡി.സതീശനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല.തന്റെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താതിരിക്കാൻ എന്ത് ന്യായമാണുള്ളത്. തൃണമൂലിനെ ഘടകക്ഷിയാക്കിയാൽ തൃണമൂല്‍ നേതാക്കള്‍ പ്രചാരണത്തിനെത്തും. തന്നോട് നാമനിര്‍ദേശ പത്രിക നൽകാൻ പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. തന്നെ അസോസിയേറ്റഡ് അംഗം ആക്കിയാലും മതി. അത് പ്രഖ്യാപിക്കണമെന്നും പി.വി. അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കിൽ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും അൻവര്‍ പറഞ്ഞു. താൻ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും അൻവര്‍ ചോദിച്ചു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. സിറ്റിംഗ് സീറ്റ് ആണ് വിട്ട് എറിഞ്ഞതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി










Manna Matrimony.Com
Thalikettu.Com







