കൊല്ലം ∙ ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാൻ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ. കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിനു യാത്രക്കാർക്കും മറ്റുള്ളവർക്കും വേണ്ടി വൻതോതിൽ പൊരിച്ചെടുത്ത ‘പ്ലാസ്റ്റിക് പലഹാര’ങ്ങൾ നാട്ടുകാർ കയ്യോടെ പിടികൂടിയതോടെ അധികൃതരെത്തി കട പൂട്ടിച്ചു. കാൻസർ ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത്തരം എണ്ണപ്പലഹാരങ്ങൾ കാരണമാകുമെന്നു വിദഗ്ധർ പറയുന്നു.
നഗരമധ്യത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പുതിയകാവ് ക്ഷേത്രത്തിനു മുന്നിൽ നിന്ന് എസ്എംപി പാലസ് റോഡിലേക്കു പോകുന്നിടത്തെ പേരില്ലാത്ത കടയാണു കോർപറേഷൻ അധികൃതർ പൂട്ടി സീൽ ചെയ്തത്. വിവരമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ സാംപിളുകൾ ശേഖരിച്ചു മടങ്ങി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ആണു കട നടത്തിയിരുന്നത്.
ഇയാൾക്കു നഗരത്തിൽ പള്ളിമുക്കിലും കടയുണ്ടെങ്കിലും അത് അടച്ചിട്ടിരിക്കുകയാണ്. കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ ചായയും പലഹാരവും വിൽപന നടത്താൻ കരാറെടുത്തയാളാണ് ഉടമ എന്നു പറയുന്നു. ഉഴുന്നുവട, പഴംപൊരി എന്നിവയാണു പ്രധാനമായും ഇവിടെ തയാറാക്കി വിൽപന നടത്തിയിരുന്നത്. റെയിൽവേ സ്റ്റേഷൻ കെട്ടിടം നവീകരണത്തിനു വേണ്ടി പൊളിച്ചതിനാൽ പ്ലാറ്റ്ഫോമുകളിൽ ഹോട്ടലുകളും ഇപ്പോഴില്ല. ഇതുമൂലം സ്റ്റേഷനിലെത്തുന്ന യാത്രക്കാർ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇതിനെയായിരുന്നു.
അസം സ്വദേശികളായ 2 തൊഴിലാളികളാണു കടയിൽ ജോലി ചെയ്തിരുന്നത്. പാമൊലിൻ എണ്ണയുടെയും മറ്റു ബേക്കറി പലഹാരങ്ങളുടെയും പ്ലാസ്റ്റിക്– പോളിത്തീൻ കവറുകൾ, പൊരിക്കാൻ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം ഇട്ടു തിളപ്പിക്കുകയാണു പതിവ്. പ്ലാസ്റ്റിക് ഉരുകി എണ്ണയിൽ ലയിക്കും. വട നന്നായി മൊരിയാനും മിനുസം കിട്ടാനുമാണത്രെ ഇതു ചേർക്കുന്നത്. പലഹാരം പെട്ടെന്നു ചീത്തയാകുകയുമില്ല.
ഇന്നലെ രാവിലെ കടയ്ക്കു മുന്നിലൂടെ പോയവരിൽ ചിലരാണു തിളയ്ക്കുന്ന എണ്ണയിൽ പ്ലാസ്റ്റിക് കവറുകൾ ചേർക്കുന്നതു കണ്ടത്. ചോദ്യം ചെയ്തതോടെ തൊഴിലാളികൾ എണ്ണയും ഉരുകിത്തീരാറായ പ്ലാസ്റ്റിക് കവറുകളും കടയ്ക്കു പുറത്ത് ഒഴിച്ചു കളഞ്ഞു. കോർപറേഷന്റെ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഇതുവരെ പാചകം ചെയ്തിരുന്ന ഭക്ഷ്യസാധനങ്ങളും പ്ലാസ്റ്റിക് കവറുകളും എണ്ണയും മറ്റും പിടിച്ചെടുത്തു. കടയ്ക്ക് മതിയായ രേഖകളോ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ മറ്റോ ഇല്ലെന്നും കണ്ടെത്തി. വെള്ളം പരിശോധിച്ചതിന്റെ രേഖകൾ മാത്രമാണ് ഉടമ ഹാജരാക്കിയതെന്നും ലൈസൻസോ മറ്റോ ഇല്ലായിരുന്നെന്നും കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്.രാജീവ് പറഞ്ഞു. കട അടപ്പിച്ചതിനു പുറമേ കോർപറേഷൻ പിഴയും ഈടാക്കും