കൊച്ചി ∙ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. 21–ാം തീയതി വീണ്ടും ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകി. അതിനിടെ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കേസിന്റെ എഫ്ഐആറിലാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുള്ളത്. ഷൈനിനു പുറമെ മലപ്പുറം സ്വദേശിയായ അഹമ്മദ് മുർഷാദാണ് കേസിൽ രണ്ടാം പ്രതി.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ അവിടെവച്ച് ലഹരി ഉപയോഗിച്ചിരുന്ന പ്രതികളിലൊരാൾ മുറിയുടെ ജനാല വഴി ചാടി രക്ഷപെട്ടു പോയെന്നും ഇക്കാര്യം ഇന്ന് ഷൈനിനെ ചോദ്യം ചെയ്തപ്പോൾ വെളിവായെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ബുധനാഴ്ച ഹോട്ടൽ മുറിയിൽ പരിശോധന നടത്തിയപ്പോൾ ഷൈനും മുർഷാദും അവിടെ ഉണ്ടായിരുന്നു എന്നും എന്നാൽ ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയില്ല എന്നുമായിരുന്നു ഇതുവരെയുള്ള വിവരങ്ങൾ. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗൂഢാലോചന നടത്താനാണ് ഇരുവരും മുറിയിൽ ഒത്തുകൂടിയതെന്നും തെളിവു നശിപ്പിക്കാനാണ് ജനലിൽ കൂടി പുറത്തു പോയതെന്നും എഫ്ഐആറിൽ പറയുന്നു.
ലൊക്കേഷനിൽ ‘പാസ്ഔട്ട്’ ആയിപ്പോയ നടൻ; കാരവനിലേക്ക് ആരു ചെല്ലണമെന്ന് ശിങ്കിടികൾ പറയും; ലഹരിക്കു പിന്നിൽ സംവിധായകരും
സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന എൻഡിപിഎസ് വകുപ്പ് 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎൻഎസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) കുറ്റങ്ങളാണ് ഷൈനിനെതിരെ ചുമത്തിയത് എന്നതിനാൽ എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്നു തന്നെ ഷൈനിന് ജാമ്യം ലഭിച്ചു. നേരത്തെ ഷൈനിന്റെ മാതാപിതാക്കളും സഹോദരനും സ്റ്റേഷനിലെത്തിയിരുന്നു. ജാമ്യം ലഭിച്ച ശേഷം അഭിഭാഷകന്റെ കാറിൽ തന്നെയാണ് ഷൈൻ മടങ്ങിയത്.
കുറ്റം തെളിഞ്ഞാൽ ഷൈന് ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് ഷൈൻ ടോം ചാക്കോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്റ്റന്റുമാരാണെന്നും ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലീമയെ അറിയാമെന്നും ഷൈൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഷൈനിന്റെ ഫോണിൽനിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്.
പൊലീസും ഡാൻസാഫ് സംഘവും പരിശോധനയ്ക്കെത്തിയപ്പോൾ ഷൈൻ ഹോട്ടൽമുറിയിൽനിന്ന് ഇറങ്ങിയോടിയിരുന്നു. തുടർന്ന് പൊലീസ് ഷൈനിനെ ചോദ്യംചെയ്യാൻ ഇന്നു വിളിപ്പിക്കുകയായിരുന്നു. അറസ്റ്റിനുശേഷം ഷൈനിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഉമീനീർ, മുടി, നഖം, രക്തം, മൂത്രം എന്നിവയുടെ സാംപിളുകൾ ഷൈനിൽനിന്ന് ശേഖരിച്ചു. ഈ സാംപിളുകൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും.
സെന്‍ട്രൽ എസിപി സി.ജയകുമാർ, നാർക്കോട്ടിക് എസിപി കെ.എ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവവും അതിനു ശേഷമുണ്ടായ കാര്യങ്ങളുമാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ഡാൻസാഫ് ടീം എത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി, ഹോട്ടലിൽ മുറിയെടുത്തത് എന്തിന്, ഒളിവിൽ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ചോദിച്ചത്. ഹോട്ടലിൽ എത്തിയത് പൊലീസ് ആണെന്ന് മനസ്സിലായില്ലെന്നും ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ചാടി രക്ഷപ്പെട്ടതെന്നുമായിരുന്നു ഷൈനിന്റെ മറുപടി. ഷൈനിനെതിരെയുള്ള മുൻകാല കേസുകളെപ്പറ്റിയും പൊലീസ് ചോദിച്ചറിഞ്ഞു. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് തയാറാക്കിയിരുന്നത്. ഷൈനിന്റെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകളും പൊലീസ് ശേഖരിച്ചിരുന്നു. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിനു കിട്ടിയ വിവരങ്ങളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ഇതടക്കം നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ










Manna Matrimony.Com
Thalikettu.Com







