മലപ്പുറം: കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നായിരുന്നു ക്രിഷ്ണപ്രിയയുടേത്. മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ സ്‌കൂൾ വിട്ടുവരികെയാണ് അയൽവാസിയായ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയത്.
2001 ൽ കേരളത്തെ പിടിച്ചുകുലുക്കിയ കൃഷ്ണപ്രിയ വധക്കേസിൽ പ്രതിയെ തെളിവുകൾ നിരത്തി കോടതി ശിക്ഷിച്ചു. 2002 ൽ പ്രതി ജാമ്യത്തിലിറങ്ങിയപ്പോളാണ് ഒരുപാട് കേട്ട പീഡന വാർത്തകൾ പോലെ തീരുമായിരുന്ന ഈ കേസ്, ഒരച്ഛന്റെ കയ്പ്പുനിറഞ്ഞ കണ്ണീരിൽ തീർത്ത പകയുടെ മറ്റൊരു അധ്യായത്തിലേക്ക് കടന്നത്.
2002 ജൂലായ് 27 ന് മുഹമ്മദ് കോയ വെടിയേറ്റ് കൊല്ലപ്പെട്ടു. തെളിവുകൾ നിരന്നതോടെ മഞ്ചേരി സെഷൻസ് കോടതി മുതൽ ജില്ലാ കോടതിവരെ ശങ്കരനാരായണനെയും മറ്റ് രണ്ടു പ്രതികളെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ 2006 മെയ് മാസത്തിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതേവിട്ടു.
മുഹമ്മദ് കോയക്ക് കൂടുതൽ ശത്രുക്കളുണ്ടാകാമെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ശങ്കരനാരായണനെ വെറുതേ വിട്ടത്. പ്രോസിക്യൂഷനോടുള്ള ഹൈക്കോടതിയുടെ നിർണായകമായ ചോദ്യമാണ് ശങ്കരനാരായണന് രക്ഷയായത്. സ്ഥിരം കുറ്റവാളിയായ അഹമ്മദ് കോയക്ക് ശങ്കരനാരായണൻ മാത്രമായിരുന്നോ ശത്രു. അങ്ങനെ വാദപ്രതിവാദങ്ങൾക്കൊടുവിൽ ശങ്കരനാരായണനെ ഹൈക്കോടതി വെറുതേ വിടുകയായിരുന്നു