ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകര തീരുവ പ്രഖ്യാപനം ആഗോള തലത്തിലുള്ള വ്യാപാര യുദ്ധത്തിന് കാരണമാകുമോ എന്ന ആശങ്ക ശക്തമാകുന്നു.
ട്രംപിന്‍റെ തീരുവ പ്രഖ്യാപനത്തിന് വിവിധ ലോക രാജ്യങ്ങളും അതേനാണയത്തിൽ തിരിച്ചടി തുടരുകയാണ്. ഏറ്റവും ഒടുവിലായി ചൈനയാണ് അമേരിക്കക്ക് തിരിച്ചടി നൽകിയിരിക്കുന്നത്. അമേരിക്ക പ്രഖ്യാപിച്ചത് പോലെ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 34 ശതമാനം തീരുവയാണ് ചൈനയും ചുമത്തിയിരിക്കുന്നത്. നിലവിലുള്ള തീരുവയ്ക്കു പുറമെയായിരിക്കും 34% പുതിയ തീരുവ ഏർപ്പെടുത്തുകയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഗാഡോലിനിയം ഉൾപ്പെടെ 7 അപൂർവ ധാതുക്കൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചൈനീസ് വാണിജ്യ മന്ത്രാലയം നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ പകരത്തീരുവ നീക്കത്തിനെതിരെ 34 ശതമാനം ഇറക്കുമതി തീരുവ ചൈന പ്രഖ്യാപിച്ചത്. ട്രംപിന്‍റെ ഉത്തരവിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്