വാഷിംഗ്ടൺ: അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30ന് (പ്രാദേശിക സമയം ഇന്നു വൈകീട്ട് നാലിന്) വൈറ്റ് ഹൗസിൽ.
പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങൾക്കുമെതിരേ 20 ശതമാനം തീരുവ എന്ന നിർദേശമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചന.
പ്രഖ്യാപന ചടങ്ങിന് “മെയ്ക്ക് അമേരിക്ക വെൽത്തി എഗെയ്ൻ’ എന്നായിരിക്കും വിശേഷണം. ആറ് ട്രില്യൻ ഡോളറിന്റെ അധിക വരുമാനം അമേരിക്കയ്ക്ക് തീരുവ പ്രഖ്യാപനത്തിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ലോകമാകെ വലിയ ആകാംക്ഷയോടെയും ആശങ്കയോടെയുമാണു പ്രഖ്യാപനം കാത്തിരിക്കുന്നത്. ട്രംപ് സാർവത്രികമായി 20 ശതമാനം താരിഫ് ഏർപ്പെടുത്തിയാൽ 5.5 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ ഏഴു ശതമാനമായി ഉയരുമെന്നും യുഎസ് ജിഡിപി 1.7 ശതമാനമായി കുറയുമെന്നും മൂഡീസ് അനലിറ്റിക്സ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി മുന്നറിയിപ്പ് നൽകി.
അങ്ങനെ സംഭവിച്ചാൽ, ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിനു വഴിവച്ചേക്കും. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് യുഎസ് ഉത്പന്നങ്ങൾക്കുള്ള എല്ലാ തീരുവകളും പിൻവലിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







