അമ്പലപ്പുഴ: തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും തർക്കത്തെത്തുടർന്ന് ക്വട്ടേഷൻ നൽകുകയും വീടുകയറി ആക്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന നിരവധി ക്രിമിനൽ കേസിലെ പ്രതിയും ക്വട്ടേഷൻ സംഘാംഗവും അറസ്റ്റിൽ.
പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രസന്നന്റെ മകൻ പ്രമോദ്(27), ക്വട്ടേഷൻ നൽകിയ തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കൽ വീട്ടിൽ സാന്റിയ (42) എന്നിവരാണ് പിടി യിലായത്. അമ്പലപ്പുഴ കച്ചേരിമുക്കിനു സമീപത്തുനിന്ന് അമ്പലപ്പുഴ പോലീസ് ഇവരെ പിടികൂടി തൃക്കൊടിത്താനം പോലീസിനു കൈമാറി.
ഇവർ രണ്ടു ദിവസമായി അമ്പലപ്പുഴയിൽ കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വേണുഗോപാൽ, സി പിഒ വിഷ്ണു, ഹോംഗാർഡ് പ്രദീപൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി തൃക്കൊടിത്താനം പോലീസിനു കൈമാറിയത്.