കോട്ടയം: മാങ്ങാനത്ത് ആരംഭിക്കാൻ നീക്കം നടത്തുന്ന ബിവറേജ് ഔട്ട്ലെറ്റിനെതിരെ വ്യാപക പ്രതിക്ഷേധം. ഭൂരിഭാഗം നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ചാണ് മാങ്ങാനത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ബീവറേജ് ആരംഭിക്കാൻ നീക്കം നടത്തുന്നത്.
മദ്യവും ലഹരിയും വ്യാപകമാവുന്ന കേരളത്തിൽ മാങ്ങാനത്തേയും, പരിസരങ്ങളിലെയും നിരവധി കുടുംബങ്ങളെ മദ്യത്തിന്റെ ലഹരിയിൽ തളച്ചിടുന്ന നടപടിയിലേക്കുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന വാദം. നിരവധി ആരാധനാലയങ്ങളും സ്‌കൂളുകളും പ്രവർത്തിക്കുന്ന ഈ ഗ്രാമത്തിൽ തന്നെ ബീവറേജ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിക്ഷേധമാണ് ഉയരുന്നത്.
അതെ സമയം മാങ്ങാനത്ത് ആരംഭിക്കാൻ നീക്കം നടത്തുന്ന ബിവറേജ് ഔട്ട്ലെറ്റിനെതിരെ മാങ്ങാനം എൽപി സ്കൂളിൽ മദ്യനിരോധന സമിതി ചെയർമാൻ പ്രൊഫസർ സി മാമച്ചന്റെ അധ്യക്ഷതയിൽ കഴിഞ്ഞ നാലാം തീയതി പ്രതിക്ഷേധ യോഗം നടത്തി.

മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ ചർച്ച് , മാങ്ങാനം ബെഥേൽ മാർത്തോമാ ചർച്ച്, എന്നിവിടങ്ങളിലെ വികാരിമാരും ജനങ്ങളും, മാങ്ങാനം പ്രദേശത്തെ വ്യാപാരി വ്യവസായികൾ, പരിസരവാസികൾ, മാങ്ങാനം എൽ പി സ്കൂളിലെ അധ്യാപകരും പിടിഎ പ്രതിനിധികളും, എസ് എൻ ഡി പി 501 നമ്പർ യൂണിറ്റിലെ യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, മാങ്ങാനം നരസിംഹ സ്വാമി ക്ഷേത്ര ഭാരവാഹികൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ, കോട്ടയം മുനിസിപ്പാലിറ്റി വാർഡ് മെമ്പർമാർ, എന്നിങ്ങനെ ഇരുന്നൂറോളം പേർ ഈ യോഗത്തിൽ പങ്കുചേർന്നു.

ഈ യോഗത്തിൽ വെച്ച് ബിവറേജ് വിരുദ്ധ ജനകീയ സമരസമിതിയുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. റവ. ജോൺ മത്തായി, റെവ. അലക്സ് എബ്രഹാം, റെവ. ജോജി ഉമ്മൻ, റെവ. മാത്യു വർക്കി എന്നിവർ രക്ഷാധികാരികൾ ആയുള്ള കമ്മിറ്റിയുടെ ചെയർമാൻ പ്രൊഫസർ സി. മാമച്ചനും കൺവീനർ ശ്രീ ബൈജു ചെറുകോട്ടയിലും ആണ്. കൂടാതെ 20 കമ്മിറ്റി അംഗങ്ങളെ കൂടെ തെരഞ്ഞെടുക്കുകയുണ്ടായി.
പ്രതിക്ഷേധ സൂചകമായി ഈ ബിവറേജ് തുടങ്ങാനായി തെരഞ്ഞെടുക്കപ്പെട്ട കെട്ടിടത്തിലേക്ക് കടന്നുവന്ന എല്ലാവരും ജാഥയായി നീങ്ങുകയും അവിടെവെച്ച് വിജയപുരം പത്താം വാർഡ് മെമ്പർ ശ്രീമതി ഷൈനി വർക്കി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
Statutory Warning: Alcohol Consumption is Injurious to Health