കോന്നി: ഏറെനാൾ നീണ്ട പ്രണയ സാഫല്യമായി നിഖിലും അനുവും വിവാഹിതരായത് രണ്ടാഴ്ച മുന്പാണ്. 15 ദിവസങ്ങൾ മാത്രമുള്ള ദാന്പത്യത്തിനൊടുവിൽ അവർ മടങ്ങുന്പോൾ കൂട്ടായി രണ്ട് കുടുംബങ്ങളിൽ നിന്നും രക്ഷിതാക്കളും ഒപ്പമുണ്ട്.
ഇന്നലെ കോന്നി മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ നവദന്പതികളായ അനുവിനും നിഖിലിനുമൊപ്പം ഇരുവരുടെയും രക്ഷിതാക്കളായ മത്തായി ഈപ്പന്റെയും ബിജു പി. ജോർജിന്റെയും മരണം ഒരു നാടിനെയാകമാനം ദുഃഖത്തിലാഴ്ത്തി.
സമീപവാസികളും ചെറുപ്രായം മുതൽക്കേ പരിചയക്കാരുമായിരുന്ന നിഖിലിന്റെയും അനുവിന്റെയും വിവാഹം കഴിഞ്ഞ നവംബർ 30നാണ് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നത്. ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി സൗഹൃദത്തിലായിരുന്നതും പുതിയ ബന്ധത്തിനു വഴിയൊരുങ്ങി. വിവാഹശേഷം നിഖിലിന്റെയും അനുവിന്റെയും സ്വപ്നമായിരുന്നു മലേഷ്യയിലേക്കുള്ള യാത്ര.
യാത്ര കഴിഞ്ഞ് നാട്ടിലെത്തുന്ന മക്കളെ ഒട്ടും വൈകിക്കാതെ വീട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരുടെയും പിതാക്കൻമാർ ചേർന്ന് സ്വന്തം വാഹനവുമായി വിമാനത്താവളത്തിലേക്കു യാത്ര തിരിച്ചത്. മടങ്ങിവരുന്ന മക്കളുമായി ബന്ധുവീടുകളിലടക്കം സന്ദർശനത്തിനു തീരുമാനിച്ചിരുന്നു. എന്നാൽ വീട് എത്താൻ 15 മിനിറ്റ് മാത്രം ബാക്കി നിൽക്കേ ഏഴുകിലോമീറ്റർ അകലെ അവർ നാലുപേരെയും മരണം കവരുകയായിരുന്നു.
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരാണ് നിഖിലിന്റെയും അനുവിന്റെയും കുടുംബം. മക്കളോടൊപ്പം രണ്ട് വീടുകളിലും പിതാക്കൻമാരും യാത്രയായത് ഏറെ വേദനയായി. മക്കളുടെ ആഗ്രഹങ്ങൾക്ക് എന്നും കൂട്ടായി നിന്ന മത്തായി ഈപ്പനും ബിജുവും അവരോടൊപ്പം തന്നെ യാത്രയാകുന്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനാകുന്നില്ല.
ശനിയാഴ്ച രാത്രി പത്തുവരെ പള്ളിയിലെ കരോൾ സംഘത്തോടൊപ്പം നിന്നശേഷമാണ് മക്കളെ കൂട്ടാനായി ബിജു കാറുമായി തിരുവനന്തപുരത്തേക്കു പോയതെന്ന് പറയുന്നു.മത്തായി- സാലി ദന്പതികളുടെ ഏക മകനാണ് നിഖിൽ. മകൾ നിത വിദേശത്താണ്.
ബിജു- നിഷ ദന്പതികൾക്ക് അനുവിനെ കൂടാതെ വിദ്യാർഥിയായ ആരോൺ മകനായുണ്ട്. കാനഡയിൽ ക്വാളിറ്റി ടെക്നീഷനായ നിഖിൽ നവംബർ 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.










Manna Matrimony.Com
Thalikettu.Com







