തിരുവനന്തപുരം: മുനമ്പം ജനതയെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ലത്തീന്‍ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ നേതൃസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് പ്രതിപക്ഷമാണ്. റവന്യൂ അവകാശം വാങ്ങി നല്കുന്നതു വരെ അവര്‍ക്കൊപ്പമുണ്ടാകും. തീരദേശവാസികളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചതിന്റ് പേരില്‍ നിരവധിതവണ സര്‍ക്കാരില്‍ നിന്ന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എങ്കിലും ഈ സമൂഹത്തിനായി ഇനിയും പോരാട്ടം തുടരും.
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് പുറത്തുവിടണമെന്നും അടിയന്തരമായി നടപ്പാക്കണമെന്നും നിയമസഭയില്‍ പ്രതിപക്ഷം പലതവണ ഉന്നയിച്ചിട്ടുണ്ട്. അടുത്ത നിയമസഭ സമ്മേളനത്തിലും ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു