ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വിവാഹ ക്ഷണക്കത്ത് അയച്ച് നടത്തുന്ന പുതിയൊരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പോലീസ് രംഗത്ത്. വിവാഹ ക്ഷണക്കത്തെന്ന വ്യാജേനയെത്തുന്ന ചില ഫയലുകള്‍ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ന്നേക്കാമെന്നും പണം തട്ടിയെടുക്കാനിടയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്.
വാട്‌സ്ആപ്പ് വഴി എപികെ ഫയലുകളായി വ്യാജ വിവാഹ ക്ഷണക്കത്തുകള്‍ അയച്ചാണ് തട്ടിപ്പ്. ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫോണില്‍ പ്രവേശിക്കുന്ന മാല്‍വെയറുകള്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തും. ഇതോടെ നമ്മളറിയാതെ സന്ദേശങ്ങള്‍ അയക്കാനും പണം ചോര്‍ത്താനും ഹാക്കര്‍മാര്‍ക്ക് കഴിയും.
പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശമെത്തുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പരിചയക്കാര്‍ ആരെങ്കിലുമാവും എന്നു കരുതി സന്ദേശത്തോടൊപ്പമുള്ള വിവാഹ കത്ത് കാണാനായി ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തും.
നമ്മുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ വിവരങ്ങള്‍ ഉള്‍പ്പെടെ തട്ടിപ്പുകാരുടെ കൈകളിലെത്തുന്നതോടെ അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും പണം ആവശ്യപ്പെടാനും കഴിയും. മറ്റ് സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും സാധ്യതയുണ്ട്.
ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഹിമാചല്‍ പ്രദേശിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഡിഐജി മോഹിത് ചൗള പറഞ്ഞു. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള ഫയലുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിക്കണം. അത് അയച്ചത് ആരാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഫയല്‍ തുറക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.