കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി. പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. പളളിക്കുന്നിലെ വനിതാ ജയിലിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി ദിവ്യ റിമാൻഡിൽ കഴിയുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം.
അതേസമയം ദിവ്യക്കെതിരേ വ്യാഴാഴ്ച സിപിഎം പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തിരുന്നു.
ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. വ്യാഴാഴ്ച ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണു തീരുമാനം. യോഗതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
ഇതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടന്നതായാണ് അറിയുന്നത്. ഇന്നത്തെ വിധി വന്നതിനുശേഷം മൊഴിയെടുക്കാനാണ് സാധ്യത. ഒക്ടോബർ നാലു മുതൽ 15 വരെയുള്ള നവീൻ ബാബുവിന്റെ പ്രവർത്തനങ്ങൾ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്.










Manna Matrimony.Com
Thalikettu.Com







