പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്തോടനുബന്ധിച്ച് കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പമ്പയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലയില്‍ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ 30 കിടക്കകള്‍ കോന്നി മെഡിക്കല്‍ കോളജിലെ ശബരിമല വാര്‍ഡില്‍ ക്രമീകരിക്കും. അത്യാഹിത വിഭാഗത്തിലും പ്രത്യേകം ബെഡുകള്‍ സജ്ജീകരിക്കും.
കോട്ടയം മെഡിക്കല്‍ കോളജില്‍ തീര്‍ഥാടകര്‍ക്കായി കിടക്കകള്‍ ക്രമീകരിക്കും. ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരെ നിയോഗിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ ഉണ്ടാകും. പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലും അധികമായി കിടക്കകളും മറ്റും സംവിധാനങ്ങളും ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
പമ്പയില്‍ ആരോഗ്യവകുപ്പ് കണ്ട്രോള് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കും. കളക്ടറേറ്റ്, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുമായി ലിങ്ക് ചെയ്ത് ടെലിഫോണ്‍ കണക്ഷനും ലഭ്യമാക്കും. ഇതുവഴി അടിയന്തരഘട്ടങ്ങളില്‍ ആശുപത്രികള്‍ക്ക് മുന്‍കൂറായി തയാറെടുപ്പ് നടത്താനാകുമെന്ന് മന്ത്രി പറഞ്ഞു.
തീര്‍ഥാടകരില്‍ ഹൃദ്രോഗം, മറ്റ് ദീര്‍ഘകാല അസുഖങ്ങള്‍ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവര്‍ ആരോഗ്യരേഖകള്‍ നിര്‍ബന്ധമായും കൈവശം കരുതണം. വടശേരിക്കരയില്‍ തീര്‍ഥാടന പാതയില്‍ തന്നെ ഡോക്ടര്‍മാരുടെ സേവനം പ്രത്യേകം ലഭ്യമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണിത്.
ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജല സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിശോധിക്കണം. ഭക്ഷ്യസാധനങ്ങളും പരിശോധന വിധേയമാക്കണം. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധനകള്‍ നടത്തി പൊതുശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പാക്കണമെന്നും വീണാ ജോര്‍ജ് നിര്‍ദേശിച്ചു.
ഭക്ഷണപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വ്യാജമായി നിര്‍മിച്ച ഹെല്‍ത്ത് കാര്‍ഡുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ നിര്‍മിച്ചവര്‍ക്കും ഉപയോഗിച്ചവര്ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും.










Manna Matrimony.Com
Thalikettu.Com







