കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഐ.ടി ഹബ്ബാകാനും കൂടിയാകാനുള്ള ഒരുക്കത്തിലാണ്. 46 ഏക്കർ സ്ഥലത്ത് 445.95 കോടി രൂപ ചെലവിൽ സ്റ്റേഷൻ അന്താരാഷ്ട്രനിലവാരത്തിൽ നവീകരണം പൂർത്തിയാകുമ്പോൾ പരിസര പ്രദേശത്തെ ഐ.ടി ഹബ്ബാക്കി മാറ്റാനാണ് പുതിയ പദ്ധതി.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.ചെന്നൈ, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലെ ഐ.ടി ഹബ്ബുകളെ കുറിച്ച് പഠിക്കാനായി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും റെയിൽവേ സ്രേഷൻ പരിസരത്ത് ഇതിനായി സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി എത്തിയതായിരുന്നു അദ്ദേഹം.
എം.കെ രാഘവൻ എം.പിയുമായും റെയിൽവേ ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എം.കെ. രാഘവൻ, എം.പി. വി.മുരളീധരൻ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.