ബെംഗളൂരു: പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാണ ബ്രാന്‍ഡായ ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയില്‍ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്കും 12 മണിക്കുമിടയില്‍ ബെംഗളുരു ബയ്യപ്പനഹള്ളി ടെര്‍മിനലിനടുത്തുള്ള കല്‍പ്പള്ളി ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡുകളില്‍ ഒരു കാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡാണ് ബിപിഎല്‍. 1963-ലാണ് തലശ്ശേരി സ്വദേശിയായ ടിപിജി നമ്പ്യാര്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. അതേ പേരിലുള്ള ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ച്, ഇന്ത്യന്‍ പ്രതിരോധസേനകള്‍ക്ക് വേണ്ടിയുള്ള ചെറു ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മിച്ചായിരുന്നു തുടക്കം. ഇപ്പോള്‍ മെഡിക്കല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണ രംഗത്താണ് ബിപിഎല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.