കണ്ണൂര്: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പു യോഗത്തിൽ പി.പി. ദിവ്യ അദ്ദേഹത്തെ അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തിൽ ആസൂത്രിതമായ കുറ്റവാസനയോടുകൂടിയാണു പ്രവർത്തിച്ചതെന്നു റിമാൻഡ് റിപ്പോർട്ട്.
പെട്രോൾ പന്പ് വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. നവീൻ ബാബുവിന്റെ മരണശേഷം പൊതുപ്രവർത്തകയായ ജനപ്രതിനിധിയായിട്ടും പോലീസ് അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതിയുടെ പേരിൽ മറ്റു നിരവധി കേസുകളുണ്ടെന്ന ഗുരുതരമായ ചൂണ്ടിക്കാട്ടലും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
നവീൻ ബാബുവിനെ പൊതുസമൂഹത്തിനു മുന്നിൽ അപമാനിതനാക്കുക എന്ന ആസൂത്രിതമായ ലക്ഷ്യം നടപ്പാക്കാനാണു പ്രാദേശിക ചാനൽ വീഡിയോഗ്രാഫറോടു യാത്രയയപ്പ് സമ്മേളന ഹാളിലെത്താൻ ആവശ്യപ്പെട്ടത്.
ഇതിന്റെ ദൃശ്യങ്ങൾ വാങ്ങി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു നവീൻ ബാബുവിനെ അപമാനിക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടുകൂടിയാണ്. യാത്രയയപ്പ് വേളയിൽ നടത്തിയ പ്രസംഗവും വീഡിയോ പ്രചരിപ്പിച്ചതുമെല്ലാം പ്രതിയുടെ ക്രിമിനൽ സ്വഭാവമാണു കാണിക്കുന്നത്. പ്രതിയുടെ പ്രവൃത്തികൾ നവീൻ ബാബുവിനെ മാനസികമായി തകർത്തു.
ആരും ക്ഷണിക്കാതെയാണു യോഗഹാളിലെത്തിയത്. ഇവരെ കണ്ടപ്പോൾ വേദിയിലുണ്ടായിരുന്ന ഒരാൾ കസേര ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. പ്രസംഗത്തിന്റെ തുടക്കത്തിൽ ഇതുവഴി പോകുന്പോൾ ഇത്തരമൊരു പരിപാടി നടക്കുന്നുണ്ടെന്നറിഞ്ഞു വന്നതാണെന്നു ദിവ്യതന്നെ വ്യക്തമായി പറയുന്നുണ്ട്.
ആരും പരിപാടിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നതിനുള്ള വ്യക്തമായ തെളിവാണിത്. ക്ഷണിക്കാതെ വന്നതിനാലാണു യാത്രയയപ്പിന്റെ പ്രധാന പരിപാടിയായ ഉപഹാരസമർപ്പണത്തിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയത്. ഇക്കാര്യം കളക്ടറേറ്റ് ഇന്സ്പെക്ഷന് വിംഗിലെ ജീവനക്കാരന്റെ മൊഴിയിലുമുണ്ട്.
കുറ്റവാസനയിൽനിന്നുണ്ടായ ആസൂത്രിതമായ പ്രവർത്തനങ്ങളാണ് ഇതെല്ലാമെന്നാണു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്