തിരുവനന്തപുരം: കേരളത്തിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികളുടെ അവസാന തിയ്യതി നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍. നവംബര്‍ അഞ്ചുവരെയാണ് നീട്ടിയത്.
സംസ്ഥാനത്ത് ഇതുവരെ 84 ശതമാനം ആളുകളാണ് റേഷന്‍കാര്‍ഡ് മസ്റ്ററിങ്ങില്‍ പങ്കെടുത്തതെന്നും രണ്ടുമുതല്‍ 12 വയസുവരെയുള്ള പത്തുലക്ഷത്തോളം കുട്ടികള്‍ അവരുടെ ആധാര്‍ പരിശോധയില്‍ കൃത്യതയില്ലാത്ത സാഹചര്യം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ആ പോരായ്മ പരിഹരിക്കുന്നതോടെ അവരും മസ്റ്ററിങിന്റെ ഭാഗമാകും. കിടപ്പുരോഗികളുടെ മസ്റ്ററിങ് പുരോഗമിക്കുമയാണെന്നും നവംബര്‍ അഞ്ചിനുള്ളില്‍ നല്ല ശതമാനം മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മസ്റ്ററിങില്‍ പങ്കെടുത്തില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കില്ല.
അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്നും മുന്‍ഗണനാ കാര്‍ഡുകാരായിട്ടുള്ള ഒരുകോടി അന്‍പത്തിനാല് ലക്ഷം പേരാണ് മസ്റ്ററിങില്‍ ഇനി പങ്കെടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







