കൊച്ചി: എആര്‍എം(അജയന്റെ രണ്ടാം മോഷണം) സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജപതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിജിപിക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയിരുന്നു.
കേസില്‍ സംവിധായകന് ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സമാനരീതിയില്‍ വ്യാജപതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട് സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. തമിഴ് റോക്കേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു.
എആര്‍എം പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ ഇത്തരം സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് സൈബര്‍ പോലീസ് അന്വേഷിക്കും. പരാതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് സംബന്ധിച്ച വിവരം സംവിധായകന് ജിതിന് ലാല്‍ തന്നെയാണ് പുറത്തുവിട്ടത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ മൊബൈലില്‍ ചിത്രം കാണുന്ന വീഡിയോ ഹൃദയഭേതകമായ കാഴ്ചയെന്ന കുറിപ്പോടെ ജിതിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വ്യാജപതിപ്പ് പുറത്തിറങ്ങിയതിനെതിരേ നിര്‍മതാവ് ലിസ്റ്റിന് സ്റ്റീഫനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് ടൊവിനോയും രംഗത്തെത്തിയിരുന്നു