കോട്ടയം: മാങ്ങാനം ആശ്രമം വാർഡിലെ റോഡുകൾ തകർന്നിട്ട് ഒരു വർഷത്തിന് മുകളിലായി. ജല വിതരണ പൈപ്പിന് വേണ്ടി ജെ സി ബി ഉപയോഗിച്ച് റോഡ് വെട്ടിപൊളിച്ച ശേഷം അറ്റകുറ്റപ്പണികൾ ചെയ്യാതിരുന്നത് മൂലമാണ് ഈ ദുർഗതി.
ജലവിതരണ പൈപ്പ് സ്ഥാപിക്കാൻ വാർഡിലുടനീളം റോഡുകൾ വെട്ടിപ്പൊളിക്കുകയായിരുന്നു. പാതി തകർച്ചയിൽ ആയിരുന്ന റോഡുകൾ ജലവിതരണ പൈപ്പിന് വേണ്ടി വീണ്ടും വെട്ടി പൊളിച്ചതോടെ ദുരിതം കൂടുതലായി. വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള ശുദ്ധജല പദ്ധതിയും പാതിവഴിയിൽ മുടങ്ങിയത്തോടെ അറ്റകുറ്റപ്പണി നടത്താതെ ഇവിടുത്തെ റോഡുകൾ കുണ്ടും കുഴിയുമായി മാറി.
ജലവിതരണ പൈപ്പ് കണക്ഷൻ വീടുകളിലേക്ക് നൽകുന്നതിനോ, റോഡ് ടാർ അല്ലെങ്കിൽ കോൺക്രീറ്റ് ചെയ്യുവാനോ ഇതുവരെ സാധിച്ചിട്ടില്ല. മാങ്ങാനം സ്‌കൂൾ ജങ്ങ്ഷനിൽ നിന്നും പേഴുവേലിക്കുന്ന്, കളമ്പുകാട്ട് കുന്ന് റോഡുകളും ഉൾപ്പെടെ വാർഡിലെ മിക്ക റോഡുകളുടെയും അവസ്ഥ ശോചനീയമാണ്.
പേരിനു മാത്രം മണ്ണിട്ട് മൂടി യാത്രായോഗ്യമാക്കിയ റോഡിലെ മണ്ണ്, മഴക്കാലമായി ഒലിച്ച് പോയതോടെ ഈ വഴികളിലൂടെയുള്ള യാത്ര തികച്ചും ദുഷ്‌കരമായിരിക്കുകയാണ്. ഇവിടുത്തെ അംഗനവാടി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ അവസ്ഥയും വളരെ ശോചനീയമായിരുന്നു. പഴയ കെട്ടിടത്തിൽ തുടർന്നിരുന്ന അംഗനവാടി ചെറിയ അറ്റകുറ്റപ്പണികൾ ചെയ്തു മുഖം മിനുക്കിയാണ് പ്രവർത്തനം തുടർന്നിരുന്നത്.
ദുരിതത്തിൽ നിന്നുമുള്ള മോചനത്തിന് ജനങ്ങൾ കാത്തിരുന്നിട്ട് ഒരു വർഷത്തിന് മുകളിലായി.അതേ സമയം തകരാറിലായ റോഡുകളുടെ പണി എത്രയും വേഗം പൂർത്തിയാക്കുമെന്നാണ് വാർഡ് മെമ്പറുടെ വാദം
ഇത് കൂടാതെ പേഴുവേലിക്കുന്ന് താഴെ ഭാഗത്ത് കോൺക്രീറ്റ് റോഡിൽ പഞ്ചായത്ത് നിർമിച്ചിട്ടുള്ള ടാങ്കിൽ നിന്നുമുള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നതും സ്ഥിര കാഴ്ച്ചയാണ്. പൈപ്പ് പൊട്ടി മാസങ്ങൾ കഴിഞ്ഞിട്ടും വെള്ളം പാഴാകുന്നത് അതേ പടി തുടരുകയാണ്.