പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ വീണ്ടും സുരേഷ്ഗോപി എത്തുന്നു, ‘എസ്ജി 257’ ന് കൊച്ചിയില്‍ തുടക്കം
ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ ലളിതമായി നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്.
ഗരുഡന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന് സുരേഷ് ഗോപി. ‘എസ്ജി 257’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ ലളിതമായി നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്.
സനല്‍ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് സനല്‍ വി ദേവന്.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നല്‍ക്കുകയും ചെയ്തു.
തികച്ചും ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഗൗതം വസുദേവ് മേനോന്, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷങ്ങളില്‍ എത്തുന്നു. ഇവര്‍ക്ക് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കഥ ജിത്തു കെ ജയന്, മനു സി കുമാര്‍, തിരക്കഥ മനു സി കുമാര്‍, ചായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് മണ്‍സൂര്‍ മുത്തുട്ടി, കലാസംവിധാനം സുനില്‍ കെ ജോര്‍ജ്, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്, മേക്കപ്പ് റോണെക്സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ആര്യന് സന്തോഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോടോളര്‍ പൗലോസ് കുറുമുറ്റം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അഭിലാഷ് പൈങ്ങോട്. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 18 മുതല്‍ ആരംഭിക്കും. അങ്കമാലി, കാലടി ഭാഗങ്ങളിലായാണ് ചിത്രീകരണം.