തിരുവനന്തപുരം: അറബിക്കടലിനെ സാക്ഷിയാക്കി പുതിയ ജീവിതയാത്ര ആരംഭിച്ച് അനഘയും റിയാസും. തിരുവനന്തപുരം ശംഖുമുഖത്ത് തുടക്കമായ സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡിങ് സെന്ററിലായിരുന്നു അനഘയും റിയാസും വിവാഹിതരായത്. ജ്വലിച്ചുനിന്ന അസ്തമയ സൂര്യനെയും ആ സൂര്യകിരണങ്ങളെ പ്രണയിച്ച മണ്‍തരികളെയും സാക്ഷിയാക്കിയാണ് അനഘയും റിയാസും പുതുജീവിതത്തിലേക്ക് നടന്നു കയറിയത്.
വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ തുടങ്ങിയ വിവാഹ സല്‍ക്കാരത്തില്‍ പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസ്സുകളോടെ അനഘയുടെ കഴുത്തില്‍ റിയാസ് താലിചാര്‍ത്തിയത്. സര്‍ക്കാരിന്റെ ഇത്തരമൊരു ഉദ്യമത്തില്‍ പങ്കാളികളാകുന്നതിനുള്ള സന്തോഷമാണ് നവദമ്പതികള്‍ പങ്കുവെച്ചത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഇവിടെ 500ലധികം പേര്‍ക്ക് ഒത്തുചേരാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.
വിനോദ സഞ്ചാര വകുപ്പ് രണ്ട് കോടി രൂപ ചെലവിട്ട് ശംഖുമുഖം ബീച്ച് പാര്‍ക്കില്‍ ഒരുക്കിയ ഈ കേന്ദ്രത്തില്‍ ആംഫി തിയറ്റര്‍, വിവാഹവേദികള്‍ കടലിന്റെ പശ്ചാത്തലത്തല് വധുവരന്മാര്ക്ക് ചിത്രമെടുക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. 75000 രൂപയും ജിഎസ്ടിയുമാണ് ഈ ഡെസ്റ്റിനേഷന്‍ വെഡിങ് സെന്ററിന്റെ വാടക. ഭക്ഷണം, അലങ്കാരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല. ഭാവിയില്‍ ശംഖുമുഖത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി മാറ്റാനും പദ്ധതിയുണ്ട്.