കോട്ടയം: മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവാതൂർ കളത്തിൽപ്പടി ചിറത്തിലത്ത് ഏദൻസിൽ നേവിസിന്റെ അവയവങ്ങൾ ഏതാനും പേർക്ക് പുതുജീവൻ പകർന്നിട്ട് രണ്ടു വർഷം അടുക്കുന്നു. ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു കളത്തിൽപടി വടവാതൂർ സ്വദേശിയായ നേവിസ്.
2021 സെപ്റ്റംബർ 16നാണ് നേവിസിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയ ആ സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് നേവിസ് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ നേവിസ് അബോധാവസ്ഥയില്‍ കിടന്നിരുന്നു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു.
ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.
ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.
എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് എത്തുന്നതിനു വൻ സംരക്ഷണം ഒരുക്കിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. അവയവ ദാനത്തിലൂടെ നേവിസ് 7 പേർക്കു ജീവൻ പകർന്നു.
നേവിസന്റെ ഇരുപത്തിയേഴാം പിറന്നാൾ ആയിരുന്നു ഇന്നലെ. ഈ പിറന്നാളിനോടനുബന്ധിച്ച് നേവിസിന്റെ ഓർമകളുമായി അവയവങ്ങൾ ലഭിച്ചവർ കൊച്ചി അമൃത ആശുപത്രിയിൽ ഒത്തു കൂടി. ഇവരിൽ കൈകൾ മാറ്റിവച്ച കർണാടക ബെള്ളാരി സ്വദേശി ബസവന ഗൗഡ, ഹൃദയം മാറ്റിവച്ച കണ്ണൂർ സ്വദേശി കെ. പ്രേംചന്ദ്, കരൾ മാറ്റിവച്ച നിലമ്പൂർ സ്വദേശി വിനോദ്, വൃക്ക മാറ്റിവച്ച തൃശൂർ സ്വദേശി ബെന്നി, നേത്രപടലം മാറ്റിവച്ച കോട്ടയം സ്വദേശി ലീലാമ്മ എന്നിവരുമുണ്ടായിരുന്നു
കർണാടക സ്വദേശി ബസവന ഗൗഡ തന്റെ മകന്റെ കൈകളുമായി പിറന്നാൾ കേക്കു മുറിച്ചുനൽകുമ്പോൾ മകൻ നഷ്ടമായതിന്റെ ദുഃഖം കടിച്ചമർത്തി ബസവന ഗൗഡയുടെ കൈയിൽ സാജൻ ഉമ്മ വയ്ക്കുകയാണുണ്ടായത്. സാജനെ സംബന്ധിച്ചു ആ കേക്കിന്റെ കഷ്ണത്തിനു ഓർമകളുടെ ഇരട്ടി മധുരമായിരുന്നു. മകന്റെ കൈകൾ മറ്റൊരാളിൽ ജീവന്റെ തുടിപ്പോടെ കണ്ടപ്പോൾ സാജന്റെ കണ്ണുകൾ നിറഞ്ഞതു കൂടി നിന്നവരെ നൊമ്പരപ്പെടുത്തി. നേവിസിന്റെ 27 ാം പിറന്നാളിനാണ് കൊച്ചി അമൃത ആശുപത്രിയിൽ ബസവന ഗൗഡ കേക്കുമുറിച്ചത്.
നേവിസിന്റെ കൈകൾ കൊണ്ടു ബസവന ഗൗഡ മുറിച്ച കേക്ക്, നേവിസ് ജീവൻ പകുത്തു നൽകിയവർ ഒരുമിച്ച് പങ്കിട്ടു. നേവിസിന്റെ പിതാവ് സാജൻ മാത്യുവും മാതാവ് ഷെറിൻ ആനിയും സഹോദരങ്ങളും സന്തോഷക്കണ്ണീരിന് സാക്ഷിയായി.