ഇറ്റാലി: ഇറ്റാലിയന്‍ പൗരത്വമുള്ള നവ്യ എന്ന 39 കാരി കേരളത്തിലുള്ള തന്റെ അമ്മയെ തിരയുന്നു. 2019 കേരളത്തിലെ മാധ്യമങ്ങൾ വഴി നവ്യ അമ്മയെ തിരഞ്ഞിരുന്നു. എന്നാൽ അമ്മയെന്ന് അവകാശപ്പെട്ട് തന്നെ ഫോണിൽ വിളിച്ച സ്ത്രീ തന്റെ അമ്മയല്ലെന്ന് നവ്യ പിന്നീട് മനസിലാക്കി. ഇതേത്തുടർന്നാണ് 2023 ലും നവ്യ തന്റെ കഥന കഥ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്. നവ്യയുടെ പഴയകാല ചിത്രങ്ങളാണ് കേരള ധ്വനിയുടെ വാർത്തയോടൊപ്പമുള്ള കവർ ചിത്രത്തിൽ ചേർത്തിരിക്കുന്നത്. Read in English? Click Here
കഴിഞ്ഞ ദിവസങ്ങളിൽ യുവതി അമ്മയെ തിരയുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നെങ്കിലും പഴയ വാർത്തയാണെന്ന് കരുതി മിക്കവാറും പേർ അത് അവഗണിച്ചിരുന്നു. അമ്മയെ കണ്ടെത്തിയെന്നായിരുന്നു കൂടുതൽ പേരുടെയും പ്രതികരണം. എന്നാൽ അമ്മയെ കണ്ടെത്തിയിട്ടില്ലെന്നും തന്നെ ഫോണിൽ വിളിച്ച സ്ത്രീ തന്റെ അമ്മയല്ലെന്നും നവ്യ പറയുന്നു.
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് (1984) ഇറ്റാലിയന്‍ ദമ്പതിമാര്‍ ദത്തെടുത്ത നവ്യ ഇപ്പോള്‍ കേരളത്തിലെവിടെയോ ഉള്ള സ്വന്തം അമ്മയെ കണ്ടെത്താനുള്ള അലച്ചിലിലാണ്. ‘ദേഷ്യപ്പെടാനല്ല, ഒന്ന് കാണണം, കെട്ടിപ്പിടിക്കണം, അത്രേയുള്ളൂ. നവ്യ പറയുന്നു.
അമ്മയെക്കുറിച്ച് നവ്യയ്ക്ക് ആകെ അറിയാവുന്ന കാര്യം ഇതാണ്: മൂന്നര പതിറ്റാണ്ട് മുന്‍പ് കോഴിക്കോട്ടെ ഒരു അനാഥാലയത്തില്‍ സോഫിയ എന്ന 19 കാരി ഉപേക്ഷിച്ച് പോയതാണ് തന്നെ. ‘അമ്മയ്ക്ക് ഇന്ന് 58 വയസ് കാണുമായിരിക്കും. മുത്തശ്ശിയുടെ പേര് തങ്കമ്മ എന്നായിരുന്നു. അവര്‍ എവിടെയുള്ളവരാണ് എന്നെനിക്കറിയില്ല. എന്റെ കൈയ്യില്‍ ആകെയുള്ളത് ഈ പേരുകള്‍ മാത്രമാണ്’-നവ്യ ഒരു മാധ്യമത്തോട് പറഞ്ഞു.
‘അമ്മയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്മയെ ഒന്ന് കാണണം, കാണാതെ പറ്റില്ലെനിക്ക്’-നവ്യ പറഞ്ഞു.
വളര്ത്തച്ഛന് സില്‍വാനോ ദൊറിഗാട്ടിയും വളര്‍ത്തമ്മ തിസിയാന ദൊറിഗാട്ടിയും ദത്തെടുക്കുമ്പോള്‍ നവ്യക്ക് പ്രായം വെറും രണ്ട് വയസ്. ഇന്ന് ആറും മൂന്നും വയസുള്ള രണ്ട് പെണ്മക്കളുടെ അമ്മയാണ് അവര്‍. മൂത്തമകള്‍ ജെഓര്‍ജ. രണ്ടാമത്തെ മകളുടെ പേര് എയ്ഞ്ചെലിക. ഇറ്റലിയിലെ ട്രെന്റോ പ്രവിശ്യയിലാണ് ഇവർ താമസിക്കുന്നത്.
ദത്തുപുത്രിയായി ഇറ്റലിയില്‍ എത്തിയ നവ്യക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് നിരന്തരം ഇറ്റലിയിലേക്ക് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരായ മാതാപിതാക്കളുടെയും തന്റെയും നിറം തമ്മില്‍ എങ്ങിനെ വ്യത്യാസം വന്നെന്ന് നവ്യ ചോദിച്ചു. ദൊറിഗാട്ടി ദമ്പതിമാര്‍ മകളോട് നുണ പറഞ്ഞില്ല, മറിച്ച് അവളുടെ മുഴുവന്‍ കഥയും അവര്‍ക്ക് പറഞ്ഞുകൊടുത്തു. തന്റെ ഔദ്യോഗിക പേര് നവ്യ ദൊറിഗാട്ടിയെന്നാണെങ്കിലും പെറ്റമ്മയുടെ പേര് കൂടി ചേർത്ത് നവ്യ സോഫിയ ദൊറിഗാട്ടി എന്നാക്കിയിരിക്കുകയാണ് നവ്യയിപ്പോൾ.
‘അന്നേ അമ്മയെ കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരളത്തില്‍ അവസാനമായി വന്നത്. അന്ന് കോഴിക്കോട് പോയില്ല. വയനാട് വൈത്തിരിയിലാണ് പോയത്. ഇപ്പോള്‍ മക്കള്‍ക്കൊപ്പം കഴിയുമ്പോള്‍ അമ്മയെ ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹം കൂടുതല്‍ ശക്തമായി. എന്തെങ്കിലും വഴി കാണുമെന്ന് കരുതുന്നു,’ നവ്യ പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ മുന്‍പ് താമസിച്ചിരുന്ന കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് നവ്യ വീണ്ടും വിളിച്ചത്. രണ്ട് പേരുകള്‍ മാത്രമാണ് അവരുടെ പക്കലും ഉണ്ടായിരുന്നത്. കോഴിക്കോടോ, അല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലോ ആകാം ഇവരെന്നാണ് അനാഥാലയത്തില്‍ നിന്ന് ലഭിച്ച വിവരം.
നവ്യ തന്റെ അമ്മയെ ഇന്ന് 2023 വരെ കണ്ടെത്തിയിട്ടില്ല എന്ന വസ്തുത കേരള ധ്വനി പുറത്തു വിടുന്നു. നവ്യയുടെ അമ്മയെ കണ്ടെത്തുവാൻ നമുക്ക് ഒന്നായി പരിശ്രമിക്കാം. ഭയം കൂടാതെ അമ്മക്ക് നവ്യയെ ബന്ധപ്പെടാം. വിവരങ്ങൾ രഹസ്യമായിരിക്കും. നവ്യയുടെ പഴയകാല ചിത്രങ്ങളാണ് കേരള ധ്വനിയുടെ വാർത്തയോടൊപ്പമുള്ള കവർ ചിത്രത്തിൽ ചേർത്തിരിക്കുന്നത്.
നവ്യയുടെ അമ്മയെപ്പറ്റി വിവരം നല്കുന്നവർക്കോ, അമ്മയ്ക്കോ നവ്യയുടെ ഇമെയിലിൽ ബന്ധപ്പെടാം: navya.dorigatti@yahoo.it . കേരള ധ്വനിയുടെ ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുന്നവരുടെയും വിവരങ്ങൾ ഞങ്ങൾ നവ്യയെ അറിയിക്കുന്നതായിരിക്കും. വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കും. Email: info@keraladhwani.com










Manna Matrimony.Com
Thalikettu.Com







