കണ്ണൂര്‍: സഹപാഠികള്‍ക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സഫലമാക്കി ‘കൂട്ട് 87’. 1987ലെ ആലക്കോട് എന്‍എസ്എസ് ഹൈസ്‌കൂളിലെ പത്താംക്ലാസ് ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ‘കൂട്ട് 87’ ആണ് രണ്ട് സഹപാഠികള്‍ക്ക് വീട് വച്ചു നല്‍കിയത്.
35 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റ് 14നാണ് ‘കൂട്ട് 87’ എന്ന് പേരിട്ട സംഗമം നടന്നത്. സംഗമത്തില്‍ ബാച്ചിലെ 168 പേരില്‍ 108 പേര്‍ പങ്കെടുത്തു. വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവര്‍ ഒന്നിച്ചപ്പോഴാണ് സഹപാഠികളുടെ സ്വപ്‌നം അറിയുന്നത്.
തൊഴില്‍ തിരക്കിലായവര്‍ പഴയ കൂട്ടുകാരെ കാണാന്‍ എത്തിയപ്പോഴാണു കൂടെ പഠിച്ച രണ്ടു പേരുടെ വീടെന്ന സ്വപ്നത്തെക്കുറിച്ച് അറിഞ്ഞത്. അതോടെ ‘കൂട്ട്’ അവരുടെ സ്വപ്‌നം സഫലമാക്കാന്‍ ഇറങ്ങുകയായിരുന്നു.
ആദ്യം, അസുഖം മൂലം മരണപ്പെട്ട നെല്ലിപ്പറമ്പില്‍ മനോജ് കുമാറിന്റെ കുടുംബത്തിന് വീട് നല്‍കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മകള്‍ ഗോപികയ്ക്ക് വേണ്ടിയായിരുന്നു വീട്. മനോജിന്റെ ഭാര്യ സുജിതയും മരണപ്പെട്ടിരുന്നു. 600 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് പണിതത്.
തുടര്‍ന്ന് വായാട്ടുപറമ്പില്‍ താമസിക്കുന്ന കെ.ടി.ദേവസ്യയും വീടെന്ന സ്വപ്നത്തിന് പിന്നാലെയാണെന്നു മനസ്സിലാക്കിയതോടെ രണ്ടാമത്തെ വീടിന്റെ പദ്ധതി തയാറാക്കി. മേസ്തിരി ജോലി ചെയ്യുന്ന ദേവസ്യയുടെ ആഗ്രഹ പൂര്‍ത്തീകരണമായി മാറി വൃത്തിയും അടച്ചുറപ്പുമുള്ള കുഞ്ഞു വീട്.
കൂട്ടുകാരുടെ പ്രവൃത്തിയില്‍ വലിയ സന്തോഷമാണ് വീട് ലഭിച്ചവരുടെ കുടുംബാംഗങ്ങള്‍ പ്രകടിപ്പിച്ചത്. ‘കൂട്ട് 87’ കൂട്ടായ്മയിലെ അംഗങ്ങളില്‍നിന്നു ചെറിയ സംഭാവനകള്‍ സ്വീകരിച്ചും സ്‌പോണ്‍സര്‍ഷിപ്പുകള്‍ കണ്ടെത്തിയുമാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ‘കൂട്ട് 87’ കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.










Manna Matrimony.Com
Thalikettu.Com







