കൊച്ചി: താരങ്ങളോടുള്ള ആരാധന പല തരത്തിലാണ് ഓരോരുത്തരും പ്രകടിപ്പിക്കാറുള്ളത്. ഫോട്ടോഷൂട്ടുകളായും മറ്റും ആ ആരാധന വൈറലാകാറുണ്ട്. ഇപ്പോഴിതാ കേരളത്തിലെ ഒരു വിവാഹം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരിക്കുകയാണ്. മെസ്സിയുടെയും എംബാപ്പെയുടെയും ജഴ്സിയണിഞ്ഞ് വിവാഹ മണ്ഡപത്തിലെത്തിയ വധൂവരന്മാരുടെ ഫുട്ബോള്‍ ഭ്രമമാണ് വൈറലാകുന്നത്.
ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിന്റെ അന്നായിരുന്നു തിരുവനന്തപുരം സ്വദേശിയും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനുമായ സച്ചിന് ആര് കമ്മത്തിന്റെയും കൊച്ചി സ്വദേശിനിയും സിഎ വിദ്യാര്‍ത്ഥിനിയുമായ ആതിരയുടെയും വിവാഹം നടന്നത്. അര്‍ജന്റീന ആരാധകനായ വരനും ഫ്രാന്‍സ് ആരാധികയായ വധുവും തങ്ങളുടെ വിവാഹം വ്യത്യസ്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇരുവരും വിവാഹ വസ്ത്രങ്ങള്‍ക്ക് മുകളില്‍ ജഴ്സിയണിഞ്ഞാണ് മണ്ഡപത്തില്‍ എത്തിയത്. അര്‍ജന്റീനയെ പിന്തുണച്ച് സച്ചിന് മെസ്സിയുടെ ജഴ്സിയും ഫ്രാന്‍സിനെ പിന്തുണച്ച് ആതിര എംബാപ്പെയുടെ ജഴ്സിയുമാണ് അണിഞ്ഞെത്തിയത്.
കൊച്ചി കടവന്ത്രയിലായിരുന്നു വിവാഹം നടന്നത്. വധൂവരന്മാരുടെ വ്യത്യസ്തമായ വസ്ത്രധാരണം വിവാഹത്തിനെത്തിയവര്‍ക്കും കൗതുകമായി. ജഴ്സിയണിഞ്ഞ് വിവാഹമണ്ഡപത്തില്‍ നില്ക്കുന്ന വധൂവരന്മാരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.










Manna Matrimony.Com
Thalikettu.Com







