ചെറുതുരുത്തി: കോഴിക്കോട് തൊട്ടില്‍പ്പാലത്തെ സഹോദരിമാരായ റിയയും സാന്ദ്രയും ചെറുതുരുത്തിയില്‍ ഭരതനാട്യം ആടിയപ്പോള്‍ സിങ്കപ്പൂരിലെ 17കാരി നേഹയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സങ്കടം കൊണ്ടായിരുന്നില്ല, മറിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം കൊണ്ടാണ്. റിയയുടെയും സാന്ദ്രയുടെയും ഗുരുവാണ് നേഹ. അരങ്ങേറ്റത്തിന് മണിക്കൂറുകള്‍ക്ക് മുന്നേയാണ് നേഹയെ ഇരുവരും നേരില്‍ക്കാണുന്നത്.
അങ്ങനെയൊരു ഇതൊരു വേറിട്ട ഗുരുശിഷ്യ ബന്ധമാണ് റിയയും സാന്ദ്രയും ഗുരു നേഹയും തമ്മിലുള്ളത്. അറിയാത്ത രണ്ട് കുട്ടികളെ വിദേശത്തിരുന്ന് ഓണ്‍ലൈന്‍ വഴി നൃത്തം പഠിപ്പിച്ച് ഗുരുവാണ് നേഹ. രണ്ടുമാസത്തോളം ഓണ്‍ലൈനില്‍ സൗജന്യമായി ഭരതനാട്യ പരിശീലനം നല്കി. അരങ്ങേറ്റത്തിന് വേദിയൊരുക്കി ആടയാഭരണങ്ങള്‍ സൗജന്യമായി നല്കിയതും നേഹയാണ്.
തൊട്ടില്‍പ്പാലം കുണ്ടുകാട് തോട്ടക്കാട്ടെ സഹോദരിമാരാണ് റിയയും സാന്ദ്രയും. ഏഴില്‍ പഠിക്കുന്ന റിയയും പത്തില്‍ പഠിക്കുന്ന സാന്ദ്രയും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം നൃത്തം പഠിക്കാനാവില്ല. കൂലിപ്പണിക്കാരനായ പ്ലാക്കല്‍ ഷിജോയുടേയും ജിന്‍സിയുടേയും മക്കളാണ് ഇരുവരും.
സിങ്കപ്പൂരില്‍ ജനിച്ചുവളര്‍ന്ന തൃശ്ശൂര്‍ തലോര്‍ സ്വദേശിയാണ് നേഹ. നേഹ ഈ സഹോദരിമാരുടെ ആഗ്രഹത്തെപ്പറ്റി അറിഞ്ഞത് സുഹൃത്ത് വഴിയാണ്. ഭരതനാട്യത്തില്‍ നൃത്തവിശാരദ് നേടി പ്ലസ്ടുവും പൂര്‍ത്തിയാക്കിയ നേഹ രമേഷ് ഇരുവര്‍ക്കും ഓണ്‍ലൈനിലൂടെ പരിശീലനം നല്കി.
നൃത്തത്തില്‍ താത്പര്യമുള്ള റിയയ്ക്കും സാന്ദ്രയ്ക്കും പഠിച്ചെടുക്കാന്‍ രണ്ടുമാസം വേണ്ടി വന്നില്ല. അരങ്ങേറ്റത്തിനുള്ള അവസരവും സ്ഥലവും ചെറുതുരുത്തിയിലെ സ്കൂളില്‍ ഒരുക്കിയതും ഗുരുവായ നേഹ. നേഹയുടെ ഭരതനാട്യ അവതരണവും ഇതോടൊപ്പം നടന്നു.
അമേരിക്കയില്‍ ഫിനാന്‍സ് പഠനത്തിന് ചേരാനായി സിങ്കപ്പൂരില്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് നേഹ. അച്ഛന് രമേഷ് നായരും അമ്മ രാഖിയും അനിയത്തി ആര്യയും സിങ്കപ്പൂരിലാണ്.










Manna Matrimony.Com
Thalikettu.Com







