കോട്ടയം: കലയെ അതിരറ്റ് സ്നേഹിക്കുകയും കലാ സംരംഭങ്ങളെ കലവറയില്ലാതെ പിന്തുണക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അന്തരിച്ച മാങ്ങാനം പേഴുവേലിൽ മണികണ്ഠദാസ് എന്ന നടൻ. ജീവിതത്തിൽ കലയെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ കലാകാരനായിരുന്നു മണികണ്ഠദാസ്.
നാടകം എന്ന കല അന്യം നിന്ന് പോയപ്പോഴും, നാടക കലയെ ജനങ്ങളുടെ ഹൃദയത്തിലെത്തിക്കുവാൻ അവസാനം വരെ ശ്രെമിച്ച മണികണ്ഠദാസ് ഓർമ്മയാകുന്നത് വരും തലമുറയിലെ മനസുകൾക്ക് നാടകത്തിന്റെ ശേഷിപ്പുകൾ അവശേഷിപ്പിച്ചാണ്.
കോട്ടയം മാങ്ങാനം പേഴുവേലിൽ മണികണ്ഠദാസ് അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സാമൂഹിക നന്മകൾക്ക് വേണ്ടി നാടകത്തിലൂടെ സംസാരിച്ച മണികണ്ഠദാസിനു നാടക നടന്മാരുടെ ആദരവും നൽകിയാണ് യാത്രയാക്കിയത്.
സമൂഹത്തെ ഉണർത്തുന്ന നാടകങ്ങൾ സംവിധാനം ചെയ്തിരുന്ന മണികണ്ഠദാസിന്റെ ആദ്യ നാടകമായിരുന്നു “തേവരുടെ ആന”. കോട്ടയത്ത് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ഹാളിലായിരുന്നു ആദ്യ നാടകം പൊടി പൊടിച്ചത്.

1985 ൽ കോട്ടയത്തു നിന്നും മത്സരിച്ച സുരേഷ് കുറുപ്പ് എം പിയുടെ ഇലക്ഷൻ പ്രചരണാർത്ഥം തെരുവ് നാടകം നടത്തി ശ്രെദ്ധേയനായി. 1987 ൽ നടത്തിയ സാക്ഷരതാ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
1986 ൽ മാങ്ങാനം കേന്ദ്രീകരിച്ച് ട്രാക്ക് എന്ന കേന്ദ്രം സ്ഥാപിച്ച് കോട്ടയം ചുറ്റി നടത്തിയ യാത്രയിൽ നാടകത്തെയും, നടനത്തെയും സംബന്ധിച്ച് പൊതുജങ്ങൾക്ക് അവബോധം നൽകി.
ബെട്രോൾഡ് ബൈറ്സിന്റെ ഇംഗ്ലീഷ് നാടകം പുനർനിർമിച്ച് “പുന്തിലയും ശിങ്കിടിയും” എന്ന പേരിൽ മൊഴിമാറ്റം ചെയ്തു. 1990 ലെ ദേശീയ നാടകത്തിൽ ഇദ്ദേഹത്തിന്റെ അഗ്നി എന്ന നാടകം തിരഞ്ഞെടുക്കപ്പെട്ടു.

1993 ൽ വിദേശത്ത് പോയ മണികണ്ഠദാസ് 2000 ൽ തിരിച്ചെത്തി. തുടർന്ന് ക്യാബിനറ്റ് ചാനലിൽ പ്രോഗ്രാം ചീഫായി ജോലി ചെയ്തു. അമൃത ടി വി യിലും ജോലി ചെയ്തിരുന്നു. തുടർന്ന് കോട്ടയം കേന്ദ്രീകരിച്ച് സ്റ്റാർ നൈറ്റ് എന്ന ലോക്കൽ ചാനൽ നടത്തിയിരുന്നെങ്കിലും സാറ്റലൈറ്റ് ചാനലുകളുടെ കുത്തൊഴുക്കുണ്ടായതോടെ പിന്നീട് നിർത്തുകയായിരുന്നു.
നാടകത്തോടൊപ്പം തന്നെ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് മണികണ്ഠദാസ്. കോട്ടയം എം ടി സെമിനാരി പ്രധാന കേന്ദ്രമാക്കി മിനി മാത്യു പ്രോഡക്ഷൻസിന്റെ ബാനറിൽ ജോഷി ജോൺ സംവിധാനം ചെയ്ത “STD XE 99 ബാച്ച്” എന്ന സിനിമയിലാണ് അവസാനമായി വേഷമിട്ടത്.
വിജയപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മുൻ പഞ്ചായത്ത് മെമ്പറും, സി പി എം ലോക്കൽ കമ്മറ്റി അംഗവുമായ സോമിനി ദാസാണ് ഭാര്യ. മക്കൾ ശിവാനി പണിക്കർ, ജ്യോതിസ് പണിക്കർ.