ചിങ്ങമാസത്തിലെ അത്തം മുതൽ തുടങ്ങുന്ന ഓണാഘോഷം കേരളീയർ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് പഴമക്കാർ പറയുന്നത് . ഓണ സദ്യ ഏവരും അവസാനിപ്പിക്കുന്നത് പായസത്തോട് കൂടിയാണ്. സാധാരണയായി നമ്മൾ പല തരത്തിലുള്ള പ്രഥമൻ, സേമിയ പായസം ,പരിപ്പ് പായസം ഒക്കെയാണ് തയാറാക്കുന്നത്.
ഇത്തവണ കപ്പ കൊണ്ടൊരു പ്രഥമന്‍ ഉണ്ടാക്കിയാലോ? രുചിയിൽ വളരെയേറെ വ്യത്യസ്ഥയുള്ള കപ്പ കൊണ്ടൊരു പ്രഥമൻ തയാറാക്കാം. കോട്ടയം മാങ്ങാനം കക്കത്തുംകുഴിയിൽ ഏലിയാമ്മ തോമസിന്റെ കൈകളിലൂടെയാണ് ഇത്തവണ കപ്പ പ്രഥമൻ പാചകരുചികൾ നിങ്ങളിലേക്കെത്തുന്നത്.
ചേരുവകള്‍
കപ്പ – 1 എണ്ണം
ശര്‍ക്കര -250 ഗ്രാം
ഒന്നാം പാല് – 1 കപ്പ് (1 1/2 നാളികേരം )
രണ്ടാം പാല് – 1 കപ്പ്
ചുക്ക് പൊടി -1/2 ടീസ്പൂണ്‍
നല്ല ജീരകപ്പൊടി – 1/2 ടീ സ്പൂണ്‍
അണ്ടിപരിപ്പ് – ആവശ്യത്തിന്
കിസ്മിസ് – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
നെയ്യ് – 3 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്നവിധം
ആദ്യമായി കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം നീളത്തില്‍ കുറച്ച് മുറിച്ചെടുത്ത് വീണ്ടും ചെറുതാക്കി അടയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക. ശേഷം കുറച്ച് വെള്ളത്തില്‍ ഒരു നുള്ള് ഉപ്പിട്ട് മുക്കാല്‍ ഭാഗം വേവിച്ചെടുക്കുക. ഒരു അരിപ്പയില്‍ അരിച്ചെടുത്ത് അതിനു മുകളില്‍ കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കുക.
ശര്‍ക്കര ഒരു പാത്രത്തില്‍ കുറച്ച് വെള്ളം ചേര്‍ത്ത് ഉരുക്കി എടുക്കുക. ശേഷം ഒരു ഉരുളിയില്‍ നെയ്യ് ഒഴിക്കുക. വേവിച്ച് വച്ച കപ്പ ഒന്ന് വഴറ്റി എടുക്കുക. അതിലേക്ക് ശര്‍ക്കര ഉരുക്കിയത് ചേര്‍ത്ത് കൊടുത്ത് നന്നായി വരട്ടി എടുക്കുക. അതിലേക്ക് രണ്ടാം പാല് ചേര്‍ത്തു കൊടുത്തു യോജിപ്പിച്ചെടുക്കുക.
അതിലേക്ക് ചുക്ക് പൊടിയും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് കൊടുത്ത് ഇളക്കി എടുക്കുക. ശേഷം ഒന്നാം പാല് ചേര്‍ത്ത് യോജിപ്പിച്ച് തീ ഓഫാക്കാം. അതിലേക്ക് നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പും, കിസ്മിസും ചേര്‍ത്ത് കൊടുക്കുക. അൽപ്പം ഏലക്കായും കൂടി പൊടിച്ച് ചേർത്താൽ കുറച്ചു കൂടി സ്വാദിഷ്ടമാക്കാം . രുചികരമായ കപ്പ പ്രഥമന്‍ അങ്ങനെ റെഡി.
പ്രഥമന്റെ അളവ് കൂടുതൽ ആവശ്യമുള്ളവർ ചേരുവകളുടെ അനുപാതം അതിനനുസരിച്ച് വർധിപ്പിക്കേണ്ടതാണ്.

(തയ്യാറാക്കിയത് ഏലിയാമ്മ തോമസ്. കേരള ധ്വനി ഡോട്ട് കോം ചീഫ് എഡിറ്റർ ക്രിസ്റ്റിൻ കിരൺ തോമസിന്റെ മാതാവും, കോട്ടയം മാങ്ങാനം കക്കത്തുംകുഴിയിൽ സി റ്റി തോമസിന്റെ ഭാര്യയുമാണ്)










Manna Matrimony.Com
Thalikettu.Com







