എല്ലാ കാലത്തും കാൻസർ എന്ന് പറയുന്നത് എല്ലാവരെയും ഭയ പെടുത്തുന്ന ഒരു അസുഖം ആയിരുന്നു . ഏറ്റവും ദുരിതം നിറഞ്ഞ ദിവസങ്ങൾ കീമോ കാലം ആയിരുന്നു. ഒരു കാല് മുറിച്ചു മാറ്റിയിട്ടു പോലും ചിരിച്ചു കൊണ്ട് നേരിട്ട ഞാൻ തളർന്നു പോയത് കീമോ സമയം ആയിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലവും കീമോ കാലം തന്നെ…
ആദ്യത്തെ കീമോക്ക് വേണ്ടി അഡ്മിറ്റ് ആകുമ്പോൾ അതിനെ കുറിച്ചോ അത് കാരണം പിന്നീട് സംഭവിക്കുന്നതിനെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. റെഡ് ഡെവിൾ എന്നു അറിയപ്പെടുന്ന സുന്ദരി ആണ് എന്നിലേക്ക് ആഴ്ന്നു ഇറങ്ങുന്നത് എന്ന് ഞാൻ വൈകി ആണ് തിരിച്ചു അറിഞ്ഞത്. മൂന്നു ദിവസം അവൾ എന്റെ കൂടെ ആയിരുന്നു. ആ കാമുകി കൂട്ടിനു വന്നത് കൊണ്ട് എന്റെ ജീവിതം മാറി മറിഞ്ഞു. ഭക്ഷണം കഴിക്കാൻ ആകാതെ.. വെള്ളം പോലും കുടിക്കാൻ ആവാതെ നിമിഷങ്ങൾ എണ്ണി തീർത്ത ദിവസങ്ങൾ… ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും പറ്റാതെ ശരീരം നുറുങ്ങുന്ന വേദനയുമായി ദിവസങ്ങളോളം കിടക്കയിൽ തന്നെ.. ആദ്യത്തെ പ്രാവിശ്യം അവൾ വന്നപ്പോൾ പിടിച്ചു നിന്ന എന്നെ മൂന്നാമത്തെ പ്രാവശ്യം പൂർണമായും അവൾ കീഴടക്കി.
അന്ന് അവൾ എന്റെ മുടിയും സ്വന്തം ആക്കി… പക്ഷേ ഞാൻ തോൽക്കാൻ തയ്യാറല്ലായിരുന്നു. മുന്നോട്ടുള്ള ജീവിതം എങ്ങനെ ആകണമെന്ന് ഞാൻ സ്വയം ചിന്തിച്ചു ഉറപ്പിച്ച സമയമായി പിന്നീട്.. അഞ്ചാമത്തെ കീമോ ആയപ്പോഴേക്കും ഞാൻ പ്രതികരിച്ചു തുടങ്ങി.. എന്നെ വിട്ടു കൊടുക്കാൻ എന്റെ പ്രിയപ്പെട്ടവരും തയ്യാറല്ലായിരുന്നു.. മാസത്തിൽ ഒരിക്കൽ ഉള്ള കീമോ 15 ദിവസത്തെ ഇടവേള കൊണ്ട് തീർക്കാൻ പറ്റില്ലേ എന്ന എന്റെ ചോദ്യം ഡോക്ടർ ചിരിച്ചു കൊണ്ട് സ്നേഹപൂർവ്വം തള്ളിക്കളഞ്ഞു ..
പക്ഷേ ഇപ്പൊ ഞാൻ എല്ലാ പ്രതിസന്ധികളും തരണം ചെയ്തു. ഒരു കാല് നഷ്ടപ്പെട്ടു എന്നല്ലാതെ എന്നെ തോല്പിക്കാനോ തകർക്കുവാനോ അവൾക്ക് കഴിഞ്ഞിട്ടില്ല.. ഇന്ന് കഴിഞ്ഞ കാല ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ജീവിതം എന്താണെന്നു എന്നെ പഠിപ്പിച്ചവരെ ഓർമ വരുന്നു. ഒരുപക്ഷെ കാൻസർ എന്ന രോഗം ആയിരിക്കാം കൂടെ ഉള്ളവർ ആരൊക്കെ, ഇട്ടെറിഞ്ഞു പോയവർ ആരൊക്കെ എന്ന് എനിക്ക് മനസ്സിലാക്കി തന്നത്.. എനിക്ക് എന്നിൽ ഉള്ള ആത്മവിശ്വാസത്തെ മനസിലാക്കി തന്നതും ഈ ഒരു രോഗം തന്നെ.. ഇനിയും ആരാലും തോല്പിക്കപ്പെടാൻ കഴിയില്ല എന്ന ചങ്കൂറ്റം എന്നിൽ നിറച്ചതും ഈ കാൻസർ തന്നെ….
ജീവിതത്തിൽ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ എന്നിൽ നിന്നും നഷ്ടപ്പെടുത്തിയതാണ് കാൻസർ എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കുന്നേ ഇല്ല കാരണം ഇപ്പോൾ എനിക്ക് ഒരു പാട് നല്ല ബന്ധങ്ങൾ ഉണ്ടാക്കി തന്നതും കാൻസർ എന്നത് ജീവിതത്തിന്റെ അവസാന വാക്ക് അല്ലെന്നു മനസ്സിലാക്കി തന്നതും ഈ അസുഖം തന്നെ ആണ്… ഇനി അസുഖം വന്നു മനസ്സ് തകർന്നവരോട് എനിക്ക് പറയാൻ ഒന്നേ ഉള്ളു.. ജീവിതം ഒന്നേ ഉള്ളു. നഷ്ടപ്പെട്ടതോർത് ഒരു മിനിറ്റ് പോലും സമയം കളയാൻ നമ്മുടെ കയ്യിൽ ഇല്ല.. ഉള്ള സമയം നന്നായി സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചും ജീവിച്ചു തീർക്കുക.. നമ്മളിൽ ഒന്നും ഒരു കുറവല്ല ഉള്ളത്. മറിച്ചു മുന്നോട്ടുള്ള ജീവിതത്തിനു കൂടുതൽ ആയി തന്നെയെന്ന് മനസ്സുറപ്പിച്ചു നടക്കുക.. ഇനി അങ്ങോട്ടുള്ള നാളുകളിൽ ഒരു ഉയർത്തെഴുന്നേൽപ്പുമായി ഞാൻ ഉണ്ടാകും എന്നും എല്ലാവരുടെയും കൂടെ… മകനായി സഹോദരനായി… ചങ്ക് കൂട്ടായി… കൂടപ്പിറപ്പായി…










Manna Matrimony.Com
Thalikettu.Com







